മഞ്ഞ് മലകള്‍ക്കിടയിലൂടെ സാഹസിക യാത്ര; വീഡിയോ പങ്കുവച്ച് മഞ്ജു വാര്യര്‍

August 22, 2019

ഹിമാചല്‍പ്രദേശിലെ പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം മഞ്ജു വാര്യര്‍, സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘം ഹിമാചലിലെ പ്രളയത്തില്‍ കുടുങ്ങുകയായിരുന്നു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി മണാലിയില്‍ എത്തിച്ചു. ഇപ്പോഴിതാ മഞ്ഞുമലകള്‍ക്കിടയിലൂടെയുള്ള സാഹസിക യാത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനുവേണ്ടിയാണ് മഞ്ജു വാര്യരും സംഘവും ഹിമാചല്‍പ്രദേശിലെത്തിയത്.

ഹിമാചല്‍പ്രദേശിലെ പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് സല്ലാപം എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി.

Read more:‘വാപ്പാന്‍റെ ആര്‍ത്തികൊണ്ട് ഞമ്മക്കൊരു ജോലി കിട്ടി’; ചിരിപ്പിച്ച് ഹരീഷ് കണാരന്‍: ‘പട്ടാഭിരാമന്‍’ ടീസര്‍

മലയാള ചലച്ചിത്ര ആസ്വദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014 ല്‍ മെയ് മാസം തീയറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.