“മോഹന്‍ലാല്‍ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍; ഞാനും ആരാധകനാണ്”: പ്രഭാസ്

August 24, 2019

മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരമാണ് മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം വിശേഷിപ്പിക്കുമ്പോള്‍ ഈ വിശേഷണങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ യോഗ്യനാണ് മോഹന്‍ലാല്‍ എന്ന് പറയാതിരിക്കാനാവില്ല. വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന മോഹന്‍ലാലിനെ പ്രശംസിച്ചിരിക്കുകയാണ് പ്രഭാസ്. മോഹന്‍ലാല്‍ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണെന്നും താന്‍ അദ്ദേഹത്തിന്റെ ആരാധകനാണെന്നും പ്രഭാസ് പറഞ്ഞു. ‘സഹോ’യുടെ ഔദ്യോഗിക ട്രെയ്‌ലർ റിലീസിന് കൊച്ചിയില്‍ എത്തിയതായിരുന്നു പ്രഭാസ്. മോഹന്‍ലാല്‍, നടന്‍ സിദ്ദിഖ്, മംമ്താ മോഹന്‍ദാസ്, ആന്റണി പെരുമ്പാവൂര്‍, ബി ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരും ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുത്തു.

ഹൈദരാബാദില്‍ വച്ച് മോഹന്‍ലാലിനെ മുമ്പ് കണ്ടിട്ടുണ്ടെന്നും മോഹന്‍ലാല്‍ എന്നും ചെറുപ്പമായി തന്നെയിരിക്കുന്നുവെന്നും പ്രഭാസ് ചടങ്ങില്‍ പറഞ്ഞു. നിറഞ്ഞ കൈയടികളോടെയാണ് ആരാധകര്‍ പ്രഭാസിന്റെ വാക്കുകള്‍ സ്വീകരിച്ചത്.

പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് സഹോ. ശ്രദ്ധാ കപൂറാണ് ചിത്രത്തിലെ നായിക. ‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമെ മറ്റ് ഭാഷകളിലും തീയറ്ററുകളിലെത്തും. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് സഹോ എന്നാണ് സൂചന. നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരും സഹോയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രമായി 90 കോടിയോളം രൂപ ചെലവായതായാണ് സൂചന. ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റസാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.

Read more:അതിശയിപ്പിച്ച് സൗബിൻ; ശ്രദ്ധനേടി ‘അമ്പിളി’യിലെ ‘കുഞ്ഞമ്പിളി’

തെലുങ്ക് ചലച്ചിത്രരംഗത്തെ താരമായിരുന്ന പ്രഭാസ് ‘ബാഹുബലി’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെ വെള്ളിനക്ഷത്രമായി. 2002 ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. ‘വര്‍ഷം’, ‘ഛത്രപതി’, ‘ചക്രം’, ‘ബില്ല’, ‘മിസ്റ്റര്‍ പെര്‍ഫെക്റ്റ്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭാസിന് ഏറെ ആരാധകരുമുണ്ട്. അഭിനയമികവുകൊണ്ട് തന്നെ പ്രഭാസിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറാണ് പതിവ്.