അതിശയിപ്പിച്ച് സൗബിൻ; ശ്രദ്ധനേടി ‘അമ്പിളി’യിലെ ‘കുഞ്ഞമ്പിളി’

August 24, 2019

മലയാള സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളായി മാറിയ സൗബിൻ സാഹിർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘അമ്പിളി’. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമായികൊണ്ടിരിക്കുന്ന ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘കുഞ്ഞമ്പിളി…’എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് സജനി, ഇതഴിഗ, റിയ, കാവ്യ, ശ്രേയ, തേജസ്വിനി എന്നിവർ ചേർന്നാണ്.

സൗബിന്‍ സാഹിറിന്റെ വിത്യസ്ത ലുക്കും പ്രകടനവുമാണ് ഈ ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. ‘ഞാൻ ജാക്സൺ അല്ലേടാ…ന്യൂട്ടനല്ലടാ… ജോക്കറല്ലെടാ..മൂൺ വാക്കുമല്ലെടാ’ എന്ന് തുടങ്ങുന്ന ഗാനത്തിലും മികച്ച പ്രകടനമാണ് സൗബിൻ കാഴ്ചവച്ചിരിക്കുന്നത്.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ വിത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു അമ്പിളി. പൂക്കള്‍ക്കു നടുവില്‍ കൈയില്‍ നിറയെ പൂക്കളും മുഖത്ത് നിറ പുഞ്ചിരിയുമായ് നില്‍ക്കുന്ന സൗബിന്‍ സാഹിറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘അമ്പിളി’. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

Read also: നിറഞ്ഞാടി ഡിസ്കോ ഡാന്‍സര്‍ ചെമ്പനും ആക്ഷന്‍ ഹീറോ ജോജുവും; ‘പൊറിഞ്ചുമറിയംജോസ്’ റിവ്യൂ

കുമ്പളങ്ങി നൈറ്റ്സ്, ചാർളി, വൈറസ്, അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരുന്നു.