സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഊർജിതം

August 12, 2019

സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആറു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം 1500 ദുരിതാശ്വാസ ക്യാംപുകളിലായി 2.61 ലക്ഷം ആളുകളാണ് ഉള്ളത്. ഇന്നലെ ക്യാംപുകളില്‍ ഉള്ളവരുടെ എണ്ണം രണ്ടരലക്ഷമായിരുന്നു.

വെള്ളപ്പൊക്കത്തിലും പേമാരിയിലും ഇതുവരെ 77 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 58 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ 50 പേര്‍ക്കായി കവളപ്പാറയിലും 7 പേര്‍ക്കായി വയനാട്ടിലും തെരച്ചില്‍ തുടരുന്നു. 2966 വീടുകള്‍ ഭാഗീകമായും 286 വീടുകള്‍ പൂര്‍ണമായും നശിച്ചു. കനത്ത മഴയിൽ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത് മലപ്പുറം ജില്ലയിലാണ്. 23 പേരാണ് പ്രളയത്തില്‍ മലപ്പുറം ജില്ലയില്‍ മരിച്ചത്.

പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കുട്ടനാട്ടിൽ വെള്ളപ്പൊക്കം തുടരുകയാണ്. ആലപ്പുഴ, ചങ്ങനാശേരി പാതയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു.