മകളെ നെഞ്ചോട് ചേര്‍ത്ത് ശരണ്യ മോഹന്‍റെ താരാട്ടുപാട്ട്; കൈയടിച്ച് സോഷ്യല്‍മീഡിയ

August 22, 2019

പാട്ടുകളെ ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. കാലാന്തരങ്ങള്‍ക്കുമപ്പുറം പാട്ടുകള്‍ എക്കാലത്തും പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്നു. പാട്ടുകള്‍ക്കിടയില്‍ താരാട്ട് ഈണങ്ങള്‍ക്ക് എക്കാലത്തും ആസ്വാദകര്‍ ഏറെയാണ്. മനോഹരങ്ങളായ താരാട്ടുപാട്ടുകള്‍ ഏറ്റുപാടാത്ത മലയാളികളുടെ എണ്ണവും കുറവായിരിക്കും. മലയാള ചലച്ചിത്ര ആസ്വാദകര്‍ നെഞ്ചിലേറ്റിയ താരാട്ട് ഈണങ്ങളില്‍ മുന്നില്‍തന്നെയാണ് ‘അല്ലിയിളംപൂവോ ഇല്ലിമുളം തേനോ…’ എന്നു തുടങ്ങുന്ന ഗാനം. ചലച്ചിത്രതാരം ശരണ്യ മോഹന്‍ ഈ ഗാനം ആലപിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു.

മകള്‍ അന്നപൂര്‍ണ്ണയെ നെഞ്ചോട് ചേര്‍ത്താണ് ശരണ്യ മോഹന്‍ ഈ താരാട്ടുപാട്ട് ആലപിക്കുന്നത്. കുഞ്ഞിന്റെ കൊഞ്ചലും വീഡിയോയില്‍ കാണാം. ശരണ്യ മോഹന്റെ ആലാപനത്തെ പ്രശംസിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തുന്നു. മകള്‍ അന്നപൂര്‍ണ്ണയെക്കൂടാതെ അനന്ത പത്മനാഭന്‍ എന്നൊരു മകന്‍ കൂടിയുണ്ട് ശരണ്യയ്ക്ക്. 2015 ലായിരുന്നു ശരണ്യയുടെയും അരവിന്ദ് കൃഷ്ണന്റെയും വിവാഹം.

Read more:മഞ്ഞ് മലകള്‍ക്കിടയിലൂടെ സാഹസിക യാത്ര; വീഡിയോ പങ്കുവച്ച് മഞ്ജു വാര്യര്‍

1984- ല്‍ തീയറ്ററുകളിലെത്തിയ ‘മംഗളം നേരുന്നു’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കൃഷ്ണചന്ദ്രനാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. എം ഡി രാജേന്ദ്രന്റേതാണ് മനോഹരമായ ഈ ഗാനത്തിന്റെ വരികള്‍. നെടുമുടി വേണുവും ബേബി ശാലിനിയുമാണ് സിനിമയിലെ ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

നടിയായും നര്‍ത്തകിയായുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശരണ്യ മോഹന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും ശരണ്യ മോഹന്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും ഡബ്‌സ്മാഷുകളിലൂടെ സാമൂഹ്യമാധ്യമങ്ങളിലും താരം ശ്രദ്ധേയമാണ്.