അന്ന് ജൂനിയര്‍ ആര്‍ടിസ്റ്റ്; ഇന്ന് നായകന്‍: ‘ഈ പയ്യന്‍ കൊള്ളാലോ’ എന്ന് സോഷ്യല്‍മീഡിയ: വീഡിയോ

August 27, 2019

ചിലരങ്ങനെയാണ്, ആത്മ വിശ്വാസവും  കഠിന പ്രയത്‌നവുംകൊണ്ട് സ്വപ്‌നങ്ങളെ കൈയെത്തിപ്പിടിക്കും. ചലച്ചിത്ര ലോകത്തും ഇത്തരം നിരവധി സ്വപ്‌നസാക്ഷാത്കാരങ്ങള്‍ നാം കാണാറുണ്ട്. ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയില്‍ അരങ്ങേറ്റംകുറിച്ച് പിന്നീട് നായകനായി വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്നവര്‍.

കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ ഷെയ്ന്‍ നിഗം ജൂനിയര്‍ ആര്‍ടിസ്റ്റായെത്തിയ ഒരു ചലച്ചിത്ര രംഗമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണിത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ടെലഫോണ്‍ ബൂത്തില്‍ ഫോണ്‍ ചെയ്യാന്‍ എത്തുമ്പോള്‍ ഫോണില്‍ കാമുകിയോട് സല്ലപിക്കുന്ന കൗമാരക്കാരനായാണ് ഷെയ്ന്‍ നിഗം ഈ രംഗത്തിലെത്തുന്നത്. എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ് അന്‍വറിലെ ഈ രംഗം.

2010- ല്‍ തീയറ്ററുകളില്‍ എത്തിയ ചിത്രമാണ് അന്‍വര്‍. അമല്‍ നീരദ് തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ച ചിത്രം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി.

Read more: ‘ഒരു കുടുംബത്തിലുള്ള എല്ലാവരും ഒരുരാത്രി ഒന്നിച്ചിരുന്നാൽ തീരാവുന്ന പ്രശ്‍നങ്ങളെയുള്ളു എല്ലായിടത്തും’ ; ശ്രദ്ധനേടി ‘ഇസാക്കിന്റെ ഇതിഹാസം’ ട്രെയ്‌ലർ

അതേസമയം കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് ഷെയ്ന്‍ നിഗം. ഇഷ്‌ക് എന്ന ചിത്രമാണ് ഷെയ്ന്‍ നിഗം നായകനായി തീയറ്ററുകളില്‍ അവസാനം എത്തിയ ചിത്രം. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലേക്കെത്തിയത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.