കേരളത്തിന്റെ അതിജീവനത്തിന് സഹായഹസ്തവുമായി ‘ഉപ്പും മുളകും’ എപ്പിസോഡ്; കൈയടികളോടെ വരവേറ്റ് പ്രേക്ഷകര്‍
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ഇപ്പോഴിതാ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ അതിജീവനത്തിനായി സഹായിക്കുന്നവര്‍ക്കൊപ്പം ചേരുകയാണ് ഉപ്പു മുളകും ടീമും. ഒരു എപ്പിസോഡ് തന്നെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനവും പ്രേരണയുമാണ്.
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തമൊരുക്കുന്ന ഈ എപ്പിസോഡ് കൈയടികളോടെ വരവേറ്റിരിക്കുകയാണ് പ്രേക്ഷകരും. മുഖ്യമന്ത്രി പിണറായി വിജയനും ഈ എപ്പിസോഡിനെയും ഉപ്പും മുളകും ടീമിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ സംഭാവനയും വലുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവനകള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയുള്ള ജനങ്ങളുടെ പ്രതികരണമാണ്. നാടിന്റെ അതിജീവനത്തിന് സഹായം പകരാന്‍ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്. ഫ്ളവേഴ്സ് ചാനലിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാര്‍ഹമാണ്. അതിന്റെ ശില്പികളെ അഭിനന്ദിക്കുന്നു.
2015 ഡിസംബര്‍ 14 മുതലാണ് ഉപ്പും മുളകും എന്ന സീരിയല്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പരിപാടിയില്‍.