“ചന്ദ്രനില്‍ ഇതെന്താ ഓട്ടോ റിക്ഷയോ”; വൈറലാകുന്ന ആ ചിരി വീഡിയോയ്ക്ക് പിന്നില്‍…

September 3, 2019

കൗതുകകരവും രസകരവുമായ പലതും വളരെ വേഗത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട് ഇക്കാലത്ത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് കൗതുകവും ഒപ്പം ചിരിയും നിറയ്ക്കുന്ന ഒരു വീഡിയോ. ആദ്യ കാഴ്ചയില്‍ ചന്ദ്രന്റെ ഉപരിതലമാണ് ഇതെന്ന് തോന്നിപ്പോകും. എന്നാല്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു ഓട്ടോ റിക്ഷയാണ് ചിരി നിറയ്ക്കുന്നത്. ചന്ദ്രനില്‍ ഇതെന്താ ഓട്ടോ റിക്ഷയോ’ എന്ന് ചോദിച്ച് പോകും കാഴ്ചക്കാര്‍.

എന്നാല്‍ നിസ്സാരമെന്ന് പറഞ്ഞ് ഈ വീഡിയോയെ ചിരിച്ചുതള്ളിക്കളയാന്‍ വരട്ടെ. തികച്ചും വിത്യസ്തമായ ഒരു പ്രതിഷേധമാണ് ഈ വീഡിയോ ലക്ഷ്യം വയ്ക്കുന്നത്. റോഡുകളുടെ ശോചനീയാവസ്ഥ അധികാരികളിലേയ്ക്കും ജനങ്ങളിലേയ്ക്കും എത്തിക്കുകയാണ് ഈ വീഡിയോയിലൂടെ. കുണ്ടും കുഴിയും നിറഞ്ഞ റോഡിനെ ചന്ദ്രന്റെ ഉപരിതലത്തോട് ഉപമിക്കുകയാണ് വീഡിയോയില്‍.

Read more:‘മനമറിയുന്നോള്… ഇവളാ കെട്ട്യോള്…’; ‘പൊറിഞ്ചുമറിയംജോസ്’ ലെ കിടിലന്‍ പാട്ടെത്തി: വീഡിയോ

ബെംഗളൂരുവിലെ ഒരു കലാകാരനാണ് ഇത്തരത്തില്‍ വിത്യസ്തമായ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ബാദല്‍ നാഞ്ചുസ്വാമി എന്ന തെരുവുകലാകാരന്‍ ഒരു ബഹിരാകാശ യാത്രികനെ പോലെയുള്ള വേഷം ധരിച്ചാണ് റോഡില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യ നോട്ടത്തില്‍ ചന്ദ്രനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നേ തോന്നുകയുള്ളൂ. തുങ്കനഗര്‍ മെയിന്‍ റോഡിലെ ഗര്‍ത്തങ്ങളിലൂടെയാണ് കലാകാരന്‍ നടക്കുന്നത്. എന്തായാലും ചിരി നിറയ്ക്കുന്ന വിത്യസ്തമായ ഈ പ്രതിഷേധ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.