‘സഹോ’യിലെ ആ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെ: മെയ്ക്കിങ് വീഡിയോ

September 9, 2019

സിനിമാലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സഹോ’. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിയ്ക്കുന്നതും. അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ

‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമെ മറ്റ് ഭാഷകളിലും തീയറ്ററുകളിലെത്തി. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:ചട്ടയും മുണ്ടുമുടുത്ത് കൂളിങ് ഗ്ലാസുംവച്ച് സൈക്കിളില്‍: സോഷ്യല്‍മീഡിയയില്‍ താരമായി ഒരു അമ്മാമ്മ: വീഡിയോ

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് സഹോ. നീല്‍ നിതിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, മഹേഷ് മഞ്ജുരേക്കര്‍ എന്നിവരും സഹോയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രമായി 90 കോടിയോളം രൂപ ചെലവായതായാണ് സൂചന. ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റസാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.


തെലുങ്ക് ചലച്ചിത്രരംഗത്തെ താരമായിരുന്ന പ്രഭാസ് ‘ബാഹുബലി’ എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തെ വെള്ളിനക്ഷത്രമായി. 2002 ല്‍ പുറത്തിറങ്ങിയ ‘ഈശ്വര്‍’ എന്ന ചിത്രത്തിലൂടെ ആയിരിന്നു പ്രഭാസിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. ‘വര്‍ഷം’, ‘ഛത്രപതി’, ‘ചക്രം’, ‘ബില്ല’, ‘മിസ്റ്റര്‍ പെര്‍ഫെക്റ്റ്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച പ്രഭാസിന് ഏറെ ആരാധകരുമുണ്ട്. അഭിനയമികവുകൊണ്ട് തന്നെ പ്രഭാസിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറാണ് പതിവ്. ഇപ്പോഴിതാ സഹോ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രഭാസ്.