കന്മദത്തിന്റെ ഒരു മിന്നലാട്ടം; ശ്രദ്ധേയമായി ‘അസുരന്റെ’ ട്രെയ്ലർ
മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരും തമിഴ് താരം ധനുഷും ഒന്നിക്കുന്ന അസുരന്റെ ട്രെയിലറിന് ഗംഭീര വരവേൽപ്പ്. മഞ്ജുവിന്റെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രം കന്മദത്തിലെ ഭാനുവിനെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് പുതിയ ചിത്രത്തിൽ മഞ്ജു പ്രത്യക്ഷപ്പെടുന്നത്. തമിഴിൽ മഞ്ജു അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും അസുരനുണ്ട്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു അഭിനയിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷൻ ചിത്രങ്ങൾക്കും പോസ്റ്ററുകൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
രണ്ട് വിത്യസ്ത ഗെറ്റപ്പുകളിലാണ് ധനുഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കലിപ്പു ലുക്കിലുളളതാണ് ധനുഷിന്റെ ഒരു ലുക്ക്. ശാന്ത മുഖഭാവത്തോടെയുള്ളതാണ് താരത്തിന്റെ മറ്റൊരു ലുക്ക്. അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.
അതേസമയം മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളായ മഞ്ജു തങ്ങളുടെ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചത് ഭാഗ്യമാണെന്നും, എല്ലാവരോടും വളരെ നന്നായി മാത്രം സംസാരിക്കുന്ന താരം ലൊക്കേഷനിൽ എല്ലാവരുടെയും പ്രിയങ്കരിയാണെന്നും സംവിധായകൻ വെട്രിമാരൻ നേരത്തെ പറഞ്ഞിരുന്നു. ഈ കഥാപാത്രം ചെയ്യാൻ മഞ്ജുവിനേക്കാൾ മികച്ച മറ്റൊരാൾ ഇല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിനുവേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ശ്രദ്ധ നേടുന്നുണ്ട്. വട്ടപൊട്ടും കൈനിറയെ വളകളുമിട്ട് ധനുഷിനോട് ചേര്‍ന്നു നില്ക്കുന്ന മഞ്ജു വാര്യരുടെ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ പോസ്റ്ററിനും ലഭിച്ചത് അതേസമയം ആദ്യ ചിത്രം ധനുഷിനൊപ്പം ചെയ്യാൻ സാധിച്ചതിന്റെ ആവേശത്തിലാണ് മഞ്ജു വാര്യർ.
തമിഴിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച കൂട്ടുകെട്ടാണ് സംവിധായകൻ വെട്രിമാരൻ നടൻ ധനുഷ് എന്നിവരുടേത്. ‘വട ചെന്നൈ’യ്ക്ക് ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇരുവർക്കുമൊപ്പം നായികയായി മഞ്ജു വാര്യർ എത്തുന്നുവെന്ന വാര്‍ത്ത ആരാധകരിൽ ഇരട്ടി മധുരം നല്‍കിയിരിക്കുകയാണ്.
കലൈപുള്ളി എസ് താണുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അസുരൻ ഒരുക്കുന്നത് തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആധാരമാക്കിയാണെന്നാണ് അറിയുന്നത്.