‘മുടിവെട്ടും മുമ്പ്’, അറിയാം ചില ആരോഗ്യകാര്യങ്ങൾ; ശ്രദ്ധേയമായി ഡോക്ടറുടെ പോസ്റ്റ്

September 9, 2019

നീണ്ട കറുത്ത മുടിയാണ് പെണ്ണിന് അഴക് എന്ന് കരുതുന്നവർ ഇന്നത്തെ തലമുറയിൽ കുറവാണെങ്കിലും ഉള്ള മുടി മനോഹരമായി കൊണ്ട് നടക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അതുകൊണ്ടുതന്നെ മുടി അഴകുള്ളതാക്കാൻ ബ്യുട്ടിപാർലറിൽ കയറുന്നവരാണ് മിക്കവാറും. എന്നാൽ ബ്യൂട്ടിപാർലറിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്. ഡോക്ടർ സുൽഫി നൂഹുവാണ് മുടി വെട്ടും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

മുടി വെട്ടും മുൻപ്‌
===============
ഓണമോക്കെ അല്ലേ ഒന്ന് സുന്ദരനും സുന്ദരിയും ഒക്കെ ആയി കളയാം എന്ന് കരുതുന്നതിന് മുൻപ് ചിലതൊക്കെ അറിഞ്ഞിരുന്നാൽ നന്ന്‌.

കേരളത്തിൽ അങ്ങോളമിങ്ങോളം ഇന്ന് ബ്യൂട്ടി പാർലറുകൾ നിറയെ ഉണ്ട്. മുടി വെട്ടാൻ മുഖം വെളുപ്പിക്കാൻ മുഖത്തെ അനാവശ്യ രോമങ്ങൾ കളയാൻ എന്തിനും ഏതിനും ഇന്ന് ബ്യൂട്ടിപാർലറുകൾ നിരവധി.

അവിടേക്ക് പോയാൽ മുഖത്ത് മുടിയിൽ പ്രകടമായ വ്യത്യാസങ്ങൾ അവർ നൽകും തിളങ്ങുന്ന മുഖം വടിവൊത്ത പുരികങ്ങൾ നല്ല സ്റ്റൈലൻ താടി , ബ്ലാക്ക് ഹെഡ് ഇല്ലാത്ത കറുത്ത പാടുകൾ ഇല്ലാത്ത മുഖം, അങ്ങനെ എന്തും നൽകും .

മലയാളികൾ സ്ത്രീപുരുഷഭേദമന്യേ ബ്യൂട്ടിപാർലറുകളിൽ കടന്നുചെന്ന് സുന്ദരനും സുന്ദരിയും ഒക്കെയായി പുറത്തുവരുന്നത് ഒരു കാഴ്ചയെയല്ല.

അങ്ങനെ ചെയ്യുന്നതിനുമുൻപ് ചിലതൊക്കെ നല്ലവണ്ണം അറിഞ്ഞിരിക്കണം.

അടുത്ത തവണ മുടി വെട്ടാൻ പോകുമ്പോൾ ഉപയോഗിക്കുന്ന ഇലക്ട്രിക് റേസർ ഒന്ന് ശ്രദ്ധിക്കണം.
തൊട്ടുമുൻപ് മറ്റാർക്കും ഉപയോഗിച്ചശേഷം ശുദ്ധീകരണ പ്രക്രിയ ഇല്ലാതെ നിങ്ങൾക്ക് അവർ ഉപയോഗിക്കുന്നില്ല എന്നു ഉറപ്പാക്കിക്കോളൂ.

സാധാരണ ഉപയോഗിക്കുന്ന പുതിയ ബ്ലേഡ് മതി എന്നു അവരോടു ആവശ്യപ്പെടുന്നതാണ് ബുദ്ധി.

ബ്ലാക്ക് ഹെഡ് മാറ്റുവാനായി നീളമുള്ള ഉള്ള മൂർച്ചയുള്ള ഒരു ബ്ലാക്ക് ഹെഡ് റിമൂവർ ഉപയോഗിക്കാറുണ്ട്.

തൊട്ടുമുൻപ് ബ്യൂട്ടിപാർലറിൽ ഉണ്ടായിരുന്ന ആർക്കോ ഉപയോഗിച്ച അതേ ബ്ലാക്ക് ഹെഡ് റിമൂവ് നിങ്ങൾക്കും അവർ ഉപയോഗിക്കുന്നു .

മിനിമം പത്തു മിനിറ്റ് വെട്ടി തിളക്കുന്ന വെള്ളത്തിൽ മുക്കി ശുചീകരിച്ചില്ലെങ്കിൽ ഈ ഉപകരണങ്ങൾ അപകടം തരും .

ആദ്യം ഹെപ്പറ്റൈറ്റിസ്-ബി .

ഇത് കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് .ഒരുപക്ഷേ പക്ഷേ എച്ച്ഐവി രോഗബാധയെ കാൾ വളരെ എളുപ്പം നമ്മുടെ ശരീരത്തിലേക്ക് കടന്നു വരാൻ സാധ്യതയുള്ള ഒരു രോഗം.

നിങ്ങളുടെ ശരീരത്തിൽ ,നിങ്ങളുടെ മുഖത്ത്, ബ്ലാക്ക് ഹെഡ് റീമൂവർ ആയോ ഇലക്ട്രിക് റേസർ ആയോ അണുവിമുക്തമാക്കാത്ത, അതായത് രോഗം ബാധിച്ച,അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് കാരിർ ആയ വ്യക്തിക്കു ഉപയോഗിച്ചതിന് ശേഷം ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഹെപ്പറ്റൈറ്റിസ് വരാനുള്ള സാധ്യത വളരെ വളരെ കൂടുതൽ.

ഹെപ്പറ്റൈറ്റിസ് സി

ഇതും വളരെ ഗുരുതരമായ ഒരു കരൾ രോഗം. ഉപകരണങ്ങളിലൂടെ കടന്നുവരാം

എച്ച്ഐവി അഥവാ എയ്ഡ്സ്

ഇതിനെ കുറിച്ച് എല്ലാവരും ധാരാളം വായിക്കാറുണ്ട്. അറിയാറുണ്ട്. അത് കിട്ടാനും തള്ളിക്കളയാനാവാത്ത ഒരു ചാൻസ് നിലനിൽക്കുന്നു.

നിസ്സാരം എന്ന് പറയാവുന്ന മറ്റു രോഗങ്ങളും ലഭിക്കാൻ ഒരൊറ്റ മുടിവെട്ടൽ മതി.

എന്നുകരുതി മുടി വെട്ടാതെ കഴിയില്ലല്ലോ. മുടി വെട്ടിയ തീരൂ .

നമ്മുടെ ശരീരത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കി എന്ന് ഉറപ്പിക്കാൻ നമുക്ക് അവകാശമുണ്ട്.

ധൈര്യസമേതം ആവശ്യപ്പെടണം. അല്ലെങ്കിൽ സ്വന്തം ഇലക്ട്രിക് റേസർ , സ്വന്തം ബ്ലാക്ക് ഹെഡ് റിമോവർ അണുവിമുക്തമാക്കി കൊണ്ടുപോകാം.

പല ആശുപത്രികളിലും പ്രത്യക്ഷപ്പെടുന്ന ഹെപ്പറ്റൈറ്റിസ്-ബി രോഗികളുടെ യഥാർത്ഥ സ്രോതസ് കണ്ടെത്താൻ കഴിയുന്നില്ല എന്നുള്ളത് സത്യം. പലതവണയും രോഗങ്ങളുടെ സ്രോതസ് ഇത്തരം കേന്ദ്രങ്ങൾ കൂടിയാകാം.

ആശുപത്രികളിൽ അണുവിമുക്തം ആയുള്ള സൂചികളും മറ്റു ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു എന്നുള്ളതാണ് കണ്ടെത്തൽ .

എന്നാൽ നാം അറിയാതെ പോകുന്ന ഇത്തരം രോഗ കവാടങ്ങൾ അടച്ചതിനു ശേഷം വേണം സുന്ദരനും സുന്ദരിയും ഒക്കെ ആകാൻ.

സുന്ദരനും സുന്ദരിയും ആയിക്കോളൂ

അല്പം കരുതൽ വേണമെന്ന് മാത്രം

ഡോ സുൽഫി നൂഹു