മലയാളികൾ കാത്തിരിക്കുന്ന മനോഹര ഗാനങ്ങളുമായി ലൗ ആക്ഷൻ ഡ്രാമ; വീഡിയോ

September 4, 2019

തിയേറ്ററിൽ എത്തുന്ന ഓണചിത്രങ്ങളിൽ മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിർവഹിക്കുന്ന ലൗ ആക്ഷൻ ഡ്രാമ. ചിത്രം നാളെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിലെ ഗാനങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ കുടുക്ക് പാട്ട് നേരത്തെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മനു മഞ്ജിത്താണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസന്റെ മനോഹരമായ ആലാപനം തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. ഇപ്പോഴിതാ ഷാൻ റഹ്മാൻ അണിയിച്ചൊരുക്കിയ മുഴുവൻ പാട്ടുകളുടെയും ലിറിക്കൽ വീഡിയോ പുറത്തുവിട്ടു.

വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായിരുന്നു ദിനേശനും ശോഭയും. ലൗ ആക്ഷന്‍ ഡ്രാമയിലൂടെ ഈ കഥാപാത്രങ്ങളെ പുനഃരവതരിപ്പിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.

Read more: ‘താലോലം തുമ്പിപ്പെണ്ണേ..’ മനോഹരം ഈ ഗാനം; വീഡിയോ

നിവിന്‍ പോളിക്കും നയന്‍ താരയ്ക്കുമൊപ്പം മല്ലിക സുകുമാരന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ശോഭ എന്ന കഥാപാത്രമായി നയന്‍താര ചിത്രത്തിലെത്തുന്നു. തന്റെ ആദ്യ സംവിധായക സംരംഭത്തിലെ പ്രധാന താരങ്ങള്‍ക്ക് അച്ഛന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ താരങ്ങളുടെ പേരുകള്‍ നല്‍കിയ ധ്യാന്‍ ശ്രീനിവാസന്‍ ഇനിയുമേറെ കൗതുകങ്ങള്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്നാണ് ചലച്ചിത്രലോകവും പ്രതീക്ഷിക്കുന്നത്.