ഹൃദയംതൊട്ട് മനോഹരത്തിലെ ഗാനം മുന്നേറുന്നു; കൈയടികളോടെ ആസ്വാദകര്‍: വീഡിയോ

September 26, 2019

പാട്ടുകള്‍ അത്രമേല്‍ പ്രിയപ്പെട്ടവയാണ് പലര്‍ക്കും. പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലുമെല്ലാം പാട്ടിനെ കൂട്ടുപിടിക്കുന്നവരാണ് നമ്മളില്‍ അധികവും. പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാകുകയാണ് മനോഹരം എന്ന ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനം. തേന്‍ തുള്ളിവീണെന്നോ….’എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ജോ പോളിന്റേതാണ് ഗാനത്തിന്റെ വരികള്‍. സഞ്ജീവ് ടി സംഗീതം പകര്‍ന്നിരിക്കുന്നു. സഞ്ജീവും ശ്വേത മോഹനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ആര്‍ദ്രമായ സംഗീതമാണ് ഈ ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. യുട്യൂബില്‍ പങ്കുവച്ച ഗാനം ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. മനോഹരമായ മഴയുടെ ചാരുതയും ഗ്രാമീണതയുടെ ഭംഗിയുമെല്ലാം ഇഴചേര്‍ന്ന് കിടപ്പുണ്ട് ഈ ഗാനരംഗത്തില്‍. അതിനൊപ്പംതന്നെ സൗഹൃദത്തിന്റെ ആഴവും സ്‌നേഹത്തിന്റെ സുന്ദരനിമിഷവുമെല്ലാം ഗാനരംഗത്ത് ഇടം നേടിയിരിക്കുന്നു.

പാട്ടുകൊണ്ടും സംവിധാനംകൊണ്ടും അഭിനയംകൊണ്ടുമെല്ലാം ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് മനോഹരം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. അൻവര്‍ സാദിഖ് ആണ് മനോഹരം എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അന്‍വര്‍ സാദിഖ്- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ട് പ്രേക്ഷകര്‍ നേരത്തെതന്നെ ഏറ്റെടുത്തതാണ്. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. മനോഹരം എന്ന ചിത്രത്തിലും പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന പ്രതീക്ഷ ചെറുതല്ല.

പാലക്കാട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. മനോഹരം നാളെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.