“എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ?…” എന്നു ചോദിക്കുന്നവരോട് നീരജ് മാധവന് പറയാനുള്ളത്

September 3, 2019

വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായ താരമാണ് നീരജ് മാധവ്. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് നീരജ് മാധവ് പങ്കുവച്ച ഒരു കുറിപ്പ്. അടുത്തിടെയൊന്നും മലയാള സിനിമയില്‍ കാണാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

നീരജ് മാധവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? തുടങ്ങി അനവധി ചോദ്യങ്ങള്‍ പലരും തമാശരൂപേണയും പരിഹാസരൂപേണയും ചുരുക്കം ചിലര്‍ ആശങ്കയോടെയും ചോദിച്ച് കാണാറുണ്ട്. ശരിയാണ്, കുറച്ചായിട്ട് ഞാന്‍ ഇവിടില്ലായിരുന്നു. അങ്ങു ബോംബെയില്‍ ഒരു ആമസോണ്‍ ഒറിജിനല്‍ വെബ് സീരിസില്‍ അഭിനയിക്കുകയായിരുന്നു. പത്ത് എപ്പിസോഡുകള്‍ ഉള്ളത് കൊണ്ട് കുറച്ചു സമയമെടുത്തു. എങ്കിലും തെറ്റു പറയാന്‍ പറ്റില്ല, സംഗതി നന്നായി വന്നിട്ടുണ്ടെന്ന് തോന്നുന്നു. Shore & the ctiy, Go Goa Gone തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത Raj & DK എന്ന ഇരട്ട സംവിധായകര്‍ ആണ് The Family Man എന്ന സീരിസിന്റെ creators and Directors. മനോജ് ബാജ്‌പേയി, പ്രിയാമണി എന്നിവരോടൊപ്പം ഈ PanIndian സീരീസില്‍ ഒരു പ്രൈമറി കാരക്ടര്‍ ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തുന്നില്ല.

ഇങ്ങനെയൊരു അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു. ഷൂട്ടിങ്ങും മറ്റും മറക്കാനാവാത്ത അനുഭവമായിരുന്നു. നാട് വിട്ടു പോവാനൊന്നും ഉദ്ദേശമില്ല. നമ്മുടെ ചോറ് മലയാള സിനിമ തന്നെ, തിരിച്ചു വന്നു ഒന്ന് രണ്ടു സിനിമകളുടെ പണിപ്പുരയിലാണ്. ‘ഗൗതമന്റെ രഥ’വും ‘ക’ എന്ന ചിത്രവും ഷൂട്ടിംഗ് പൂര്‍ണമായി. വൈകാതെ ഇറങ്ങും. അതിനു മുന്‍പ് സെപ്റ്റംബര്‍ അവസാനവാരം ആമസോണ്‍ പ്രൈം വിഡിയോയില്‍ THE FAMILY MAN റിലീസാകും, തിയേറ്ററിലൊന്നും പോവേണ്ടല്ലോ നിങ്ങടെ വിരല്‍ത്തുമ്പില്‍ തന്നെ ഇല്ലേ ? ഒന്ന് കണ്ടു നോക്കൂ.