ഓഫീസിൽ ജോലി ചെയ്‌തും, ബുക്ക് വായിച്ചും പെൻഗ്വിൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ

September 22, 2019

മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളൊക്കെ മൃഗങ്ങളും പക്ഷികളുമൊക്കെ ചെയ്താലോ..?? അത്ഭുതമായി തോന്നും അല്ലേ..? എന്നാൽ ഇപ്പോഴിതാ സാധാരണ മനുഷ്യരെപ്പോലെ ഓഫിസിൽ വരുകയും ജോലി ചെയ്യുകയും, ബുക്ക് മറിച്ചുനോക്കുകയുമൊക്കെ ചെയ്യുന്ന പെൻഗ്വിനാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. അതും ഒന്നല്ല രണ്ട് പെൻഗ്വിനുകൾ.

പബ്ലിഷിങ്ങ് കമ്പനിയായ പെന്‍ഗ്വിന്‍ ബുക്സിന്‍റെ ഓഫീസിലാണ് ഈ റിയൽ പെൻഗ്വിൻ ജോലി ചെയ്യുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. യു എസ് എയിലെ ബാള്‍ട്ടിമോറിലാണ് ജോലിക്കായി പെൻഗ്വിനും എത്തിയത്. ഇതിനകം തന്നെ ഇവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഓഫീസിലേക്ക് വരുന്നതും കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നതും, ബുക്ക് നോക്കുന്നതും ഓഫീസിലെ എല്ലാ ഭാഗത്തും നടന്ന് പരിശോധിക്കുന്നതുമെല്ലാം   വീഡിയോയില്‍ കാണാം.

അതേസമയം ബാൾട്ടിമോറിലെ മേരിലാൻഡ് മൃഗശാലയിൽ നിന്നുള്ളതാണ് ഈ  പെന്‍ഗ്വിനുകൾ.  ബുക്സിന്‍റെ അനിമൽ അംബാസഡർമാരായിട്ടാണ് ഇവയെ ഓഫീസിൽ നിയോഗിച്ചിട്ടുള്ളത്.