ചന്ദ്രോത്ത് പണിക്കരെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ശ്രദ്ധേമായി മാമാങ്കത്തിന്റെ പോസ്റ്റർ

September 23, 2019

താരങ്ങളുടെ വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പംതന്നെ താരങ്ങളുടെ ചില കഥാപാത്രങ്ങളെയും ചിത്രങ്ങളെയും ഏറ്റെടുക്കാറുണ്ട് ആരാധകർ. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന മാമാങ്കം എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചന്ദ്രോത്ത് പണിക്കര്‍ എന്നാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് ആ കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചന്ദ്രോത്ത് പണിക്കറെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നതിങ്ങനെ:

വള്ളുവനാടന്‍ മണ്ണില്‍ രാജ്യസ്‌നേഹം ജ്വലിപ്പിച്ചു കൊണ്ട് മണ്മറഞ്ഞു പോയ ധീരന്മാര്‍ക്കിടയില്‍ സൂര്യശോഭയോടെ തിളങ്ങി നില്‍ക്കും ചന്ദ്രോത്തെ വീരയോദ്ധാക്കള്‍.. പകയുടെ, പോരാട്ടത്തിന്റെ, ദേശ സ്‌നേഹത്തിന്റെ, ആത്മ നൊമ്പരങ്ങളുടെ, സ്‌നേഹ ബന്ധങ്ങളുടെ, ആലയില്‍ ഉരുകുമ്പോളും ചോര വീഴ്ത്തിക്കൊണ്ട് അവരൊരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു.. കാലമവരെ ചാവേറുകളായി വാഴ്ത്തി.. ചന്ദ്രോത്തെ ധീരന്മാര്‍ ചരിത്രമെഴുതി.. മാമാങ്കമവരെ അനശ്വരതയുടെ ഇതിഹാസങ്ങളാക്കി.

അഭിനയ മികവുകൊണ്ട് വെള്ളിത്തിരയില്‍ വസന്തങ്ങള്‍ തീര്‍ക്കുന്ന മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. പ്രാചി തെഹ്ലാന്‍ ആണ് മാമാങ്കത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.