‘തൊപ്പി മാറ്റാമോ’ എന്ന് കാണികളിലൊരാള്‍; രസികന്‍ മറുപടിയുമായി സൗബിന്‍: ചിരിവീഡിയോ

September 25, 2019

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങള്‍ക്കൊണ്ട് അഭിനയ വിസ്മയം തീര്‍ക്കുന്ന താരമാണ് സൗബിന്‍ സാഹിര്‍. സൗബിന്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. സൗബിന്‍ സാഹിറും സുരാജ് വെഞ്ഞറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് വികൃതി.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സൗബിന്‍ സാഹിറിനോട് കാണികളില്‍ ഒരാള്‍ ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ രസികന്‍ മറുപടിയുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുന്നത്.

Read more:സൈക്കിളില്‍ പാഞ്ഞത് ലോറിക്ക് മുന്നിലേക്ക്; പിടിച്ച് നിര്‍ത്തിയ പൊലീസ് രക്ഷകനായി: കൈയടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ

താന്‍ തന്നെയാണ് സിനിമയിലെ വികൃതി എന്നാണ് സൗബിന്‍ പറഞ്ഞത്. അതേസമയം സിനിമയെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെ ‘ തലയിലെ ക്യാപ്പ് അഴിക്കാമോ’ എന്ന് കാണികളിലൊരാള്‍ സൗബിനോട് ചോദിച്ചു. ‘പറ്റില്ല, ക്യാപ്പ് മാറ്റിയാല്‍ എല്ലാം പോയി’ എന്ന രസികന്‍ മറുപടിയായിരുന്നു സൗബിന്‍ നല്‍കിയത്.

നവാഗതനായ എം സി ജോസഫാണ് വികൃതി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ബാബുരാജ്, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുരഭി ലക്ഷ്മി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരമായ വിന്‍സിയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സൗബിന്‍ സാഹിര്‍ എന്ന നടനിലും പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന പ്രതീക്ഷ ചെറുതല്ല. സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തി.

അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന്‍ എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന്‍ വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന്‍ സാഹിര്‍ ആയിരന്നു.