‘ഇനിയും എന്നെ മനസ്സിലാകാത്തവർക്ക് വേണ്ടി.. ദേ.. ദിതാണ് ഞാൻ’, സ്വയം പരിചയപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ; ചിരി വീഡിയോ

September 15, 2019

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യനായ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വെള്ളിത്തിരയിൽ ചിരിവിസ്മയം നിറയ്ക്കാറുള്ള താരത്തിന്റെ വീഡിയോ വിഷ്ണുതന്നെയാണ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്.

ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരം വേദിയുടെ മനം കവർന്നത്. വേദിയിൽ തന്നെ സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് വിഷ്ണു അവിടെക്കൂടിയവരുടെ കൈയടി വാങ്ങിയത്. ‘വലിയ സൂപ്പർ സ്റ്റാറുകളെ പ്രതീക്ഷിച്ചിരുന്ന വേദിയിലേക്ക് താൻ എത്തിയപ്പോൾ പലരും തന്നെ ‘ഇവനാരാണ്..’എന്ന മട്ടിൽ പകച്ചു നോക്കിയെന്നും, ദുൽഖർ സൽമാൻ ഒന്നുമല്ലാട്ടോ’, എന്നും പറയുന്ന വിഷ്ണു താൻ അഭിനയിച്ച ‘മായാവി’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം പറഞ്ഞ ഡയലോഗും പറഞ്ഞാണ് വേദിയുടെ മനം കവർന്നത്. എന്തായാലും നർമ്മം നിറഞ്ഞ താരത്തിന്റെ  വാക്കുകൾക്ക് നിറഞ്ഞ കൈയടിയാണ് വേദിയിൽ നിന്നും ലഭിച്ചത്.

അതേസമയം നടനായും തിരക്കഥാകൃത്തായും വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെതായി നിരവധി ചിത്രങ്ങളാണ് വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. ചിൽഡ്രൻസ് പാർക്കാണ് വിഷ്ണുവിന്റേതായി വെള്ളിത്തിരയിൽ എത്തിയ അവസാന ചിത്രം.

ഷാഫി റാഫി കൂട്ടുകെട്ടിൽ വിരിഞ്ഞ ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്. കുട്ടികളെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തിൽ കുട്ടിത്താരങ്ങൾക്ക് പുറമെ ഗായത്രി സുരേഷ്, ദ്രുവൻ, ഷറഫുദീൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. പുതുമുഖങ്ങളായ 100 ലധികം കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് റാഫിയാണ്.