നിങ്ങള്‍ കേട്ടിട്ടുണ്ടോ ഉറക്കത്തില്‍ നിറംമാറുന്ന നീരാളിയെക്കുറിച്ച്‌…!

October 8, 2019

നിറം മാറുന്ന ഓന്തുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഓന്തുകളുടെ നിറംമാറ്റത്തിന് സാക്ഷ്യം വഹിച്ചിട്ടുള്ളവരുമുണ്ട് നമുക്ക് ഇടയില്‍. എന്നാലിപ്പോള്‍ ശാസ്ത്രലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് നിറംമാറുന്ന ഒരു നീരാളി. ഹെയ്ദി എന്നാണ് ഈ നീരാളിയുടെ പേര്. സമുദ്രഗവേഷകനായ ഡേവിഡ് ഷീല്‍ വളര്‍ത്തുന്നതാണ് ഹെയ്ദിയെ. ഉടമ പങ്കുവച്ച ഹെയ്ദിയുടെ മനോഹരമായ ഒരു വീഡിയോയാണ് കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നത്.

ഹെയ്ദി നീരാളിയുടെ ഉറക്കം നിരീക്ഷിക്കുകയായിരുന്നു ഉടമയായ ഡേവിഡ് ഷീല്‍. ഇതിനിടയിലാണ് ഹെയ്ദിയുടെ നിറം മാറുന്നത് ഡേവിഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഹെയ്ദിയെ വിശദമായി നിരീക്ഷിച്ച ഡേവിഡ് ഈ നിറംമാറ്റ രംഗങ്ങള്‍ കാമറിയില്‍ പകര്‍ത്തുകയും ചെയ്തു. നീരാളി വെള്ള നിറത്തില്‍ നിന്നും ഇളം പച്ച നിറത്തിലേയ്ക്കും ഇരുണ്ട പച്ച നിറത്തിലേയ്ക്കും തുടര്‍ന്ന് തവിട്ട്, മഞ്ഞ തുടങ്ങിയ നിറങ്ങളിലേയ്ക്കും മാറുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നുണ്ട് ഈ ദൃശ്യങ്ങള്‍.

Read more:നിസാരക്കാരനല്ല; സയനൈഡ് ആളെക്കൊല്ലിയാകുന്നത് ഇങ്ങനെ

അതേസമയം ഉറങ്ങുന്ന നീരാളികളില്‍ ഇത്തരം നിറം മാറ്റങ്ങള്‍ സംഭവിക്കാറുണ്ടെന്നാണ് ഡേവിഡ് ഷീല്‍ വിശദമാക്കുന്നത്. ഉറക്കത്തിലായിരിക്കുന്ന നീരാളികളുടെ ന്യൂറോണുകള്‍ ക്രോമാറ്റോഫോര്‍സ് എന്ന പിഗ്മെന്റ് സെല്ലുകളില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഇത്തരത്തിലുള്ള നിറം മാറ്റത്തിന് കാരണമാകുന്നത്. നീരാളികള്‍ക്ക് മാത്രം തിരിച്ചറിയാന്‍ കഴിയുന്ന ഒന്നിനോടുള്ള പ്രതികരണമാണ് ഈ നിറം മാറ്റമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഹെയ്ദി നീരാളി സ്വപ്‌നം കാണുന്നതാണ് ഈ നിറമാറ്റത്തിനു കാരണമെന്ന് ഡേവിഡും പറയുന്നു.

ഉണര്‍ന്നിരിക്കുമ്പോള്‍ സ്വയ രക്ഷയ്ക്കും ഇരതേടാനും വേണ്ടി നിരാളികള്‍ നിറം മാറ്റാറുണ്ട്. ഓന്തുകളെപ്പോലെതന്നെ നീരാളികളും അവ ഇരിക്കുന്ന അതേ പ്രതലത്തിന്റെ നിറം ശരീരത്തില്‍ വരുത്തുന്നു. സ്വപ്‌നത്തില്‍, ഇരിക്കുന്നതായി തോന്നുന്ന പ്രതലത്തിനനുസരിച്ചായിരിക്കാം ഒരുപക്ഷെ ഉറക്കത്തില്‍ നീരാളികളുടെ നിറം മാറുന്നതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇനിയും പഠനങ്ങള്‍ ആവശ്യമാണ്.