സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ ഒരു വർഷം ജീവിച്ച യുവതിയെ കാത്തിരുന്നത് 72 ലക്ഷം രൂപ

October 17, 2019

രാവിലെ ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നമുക്കൊപ്പം ഉണ്ടാവുന്ന സന്തത സഹചാരിയായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. ഉപ്പുതൊട്ട് കർപ്പൂരം വരെ ഫോണിന്റെ സഹായത്തോടെ നമുക്കരികിൽ എത്തുമെന്നുള്ളതാണ് ഇതിന് പ്രധാന കാരണം. മൊബൈല്‍ ഫോൺ നമ്മുടെ ദൈനംദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ ഇവിടിതാ ഒരു വർഷം മുഴുവൻ സ്മാർട്ട് ഫോൺ ഉപയോഗിക്കാതിരുന്ന് 72 ലക്ഷം രൂപ സമ്മാനമായി നേടിയിരിക്കുകയാണ് ഒരു യുവതി.

ന്യൂയോര്‍ക്ക് സ്വദേശിയായ എലാന മുഗ്ദാന എന്ന 29 വയസുകാരിയാണ് ഒരു വർഷക്കാലം മുഴുവൻ സ്മാർട്ട് ഫോൺ ഉപയോഗിക്കാതിരുന്ന് 72 ലക്ഷം രൂപ സ്വന്തമാക്കിയത്. ‘സ്‌ക്രോള്‍ ഫ്രീ ഫോര്‍ എ ഇയര്‍’ ചലഞ്ചിന്‍റെ ഭാഗമായാണ് എലാന ഒരു വർഷം മുഴുവൻ ഫോൺ ഉപയോഗിക്കാതിരുന്നത്. ഒരു വര്‍ഷം സ്മാര്‍ട് ഫോണ്‍ ഉപേക്ഷിച്ചാൽ ഒരു ലക്ഷം ഡോളര്‍ അല്ലെങ്കില്‍ 72 ലക്ഷം രൂപ നൽകാമെന്നായിരുന്നു ചലഞ്ച്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് എലാന ഫോൺ ഉപേക്ഷിച്ചത്.

Read also: ഇതിലും മികച്ച അഭിനയം സ്വപ്നങ്ങളിൽ മാത്രം; നഖം വെട്ടാതിരിക്കാൻ തലകറങ്ങിവീണ് നായക്കുട്ടി, വൈറൽ വീഡിയോ

ഇപ്പോൾ ഏകദേശം പത്ത് മാസങ്ങളായി എലാന ഫോൺ ഉപയോഗിച്ചിട്ട്. വിജയം ഏറെക്കുറെ ഉറപ്പായ എലാനയ്ക്ക് ഇനി നുണപരിശോധന കൂടി നേരിടേണ്ടതുണ്ട്. കൊക്കക്കോള കമ്പനിയായ വിറ്റാമിൻ വാട്ടറാണ് വിജയ തുക പ്രഖ്യാപിച്ചിരിക്കുന്നത്. ഏതായാലും ചലഞ്ച് കഴിഞ്ഞാലും സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ തനിക്കിപ്പോൾ ആഗ്രഹമില്ലായെന്നാണ് എലാന പറയുന്നത്.

അതേസമയം ഈ ചലഞ്ചിന് മികച്ച പിന്തുണയാണ് സമൂഹ മാധ്യമങ്ങളിലും ലഭിയ്ക്കുന്നത്. എലാനയെ പ്രശംസിച്ചും നിരവധിയാളുകൻ എത്തുന്നത്.