മാമാങ്കത്തിലെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പിറന്നത് ഇങ്ങനെ: ശ്രദ്ധ നേടി മെയ്ക്കിങ് വീഡിയോ

October 24, 2019

മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് മാമാങ്കം. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നതും. പ്രേക്ഷകരുടെ ആകാംഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തെത്തി. അടുത്തിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ദൃശ്യമികവാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പിറന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്നുണ്ട് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മെയ്ക്കിങ് വീഡിയോ.

മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും മാമാങ്കം മൊഴിമാറ്റുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രാചി തെഹ്ലാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. അതേസമയം ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നുണ്ട്.

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.