തമിഴിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കാന്‍ ഐശ്വര്യ ലക്ഷ്മി; ശ്രദ്ധ നേടി ‘ആക്ഷന്‍’ ട്രെയ്‌ലര്‍

October 29, 2019

വിശാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ആക്ഷന്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിക്കുന്നത്. അതേസമയം ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റ ചിത്രംകൂടിയാണ് ‘ആക്ഷന്‍’. ഐശ്വര്യ ലക്ഷ്മിക്ക് പുറമെ, തമന്നയും ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നുണ്ട്.

സുന്ദര്‍ സി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ട്രൈഡന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് ആക്ഷന്‍ എന്ന സിനിമയുടെ നിര്‍മ്മാണം. ഡൂഡ്ലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഹിപ്‌ഹോപ് തമിഴയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

പേര് പോലെതന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് ‘ആക്ഷന്‍’. കേണല്‍ സുഭാഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിശാല്‍ അവതരിപ്പിക്കുന്നത്. യോഗി ബാബു, ആകാംഷ പുരി, കബീര്‍ ദുഹാന്‍ സിങ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.

അതേസമയം ട്രെയ്‌ലറില്‍ ഇട്യ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഐശ്വര്യ ലക്ഷ്മിയുടെ അഭിനയത്തെ പ്രശംസിക്കുന്നുണ്ട് സിനിമ പ്രേമികൾ. താരത്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രം ഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ആക്ഷന്‍ നവംബറില്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതേസമയം മലയാളത്തില്‍  ”ബ്രദേഴ്സ് ഡേ എന്ന സിനിമയിലാണ് ഐശ്വര്യ ലക്ഷ്മി അവസാനമായി പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തിയ ചിത്രമാണ് ‘ബ്രദേഴ്സ് ഡേ’. കലാഭവന്‍ ഷാജോണാണ് ചിത്രത്തിന്‍റെ സംവിധായകന്‍.