സിദ് ശ്രീറാമിന്റെ അതിമനോഹരമായ ആലാപനം; കൈയടി നേടി മനോഹരത്തിലെ ഗാനം: വീഡിയോ

ചില ഗാനങ്ങള്‍ മനോഹരങ്ങളാണ്. മനോഹരമായ ഒരു മഴനൂല് പോലെ അവയങ്ങനെ പ്രേക്ഷക മനസുകളിലേക്ക് പെയ്തിറങ്ങുന്നു. കാലാന്തരങ്ങള്‍ക്കുമപ്പുറം പ്രേക്ഷക മനസുകളില്‍ ഇത്തരം മനോഹര ഗാനങ്ങള്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കാറുമുണ്ട്. ആസ്വാദകര്‍ക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാന്‍ മനോഹരമായൊരു ഗാനംകൂടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ് തെന്നിന്ത്യന്‍ യുവഗായകന് സിദ് ശ്രീറാം.
മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസന് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മനോഹരം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ചിത്രത്തിലെ ‘അകലെ…’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ജോ പോളിന്റേതാണ് ഗാനത്തിലെ വരികള്‍. സഞ്ജീവ് ടി സംഗീതം പകര്‍ന്നിരിക്കുന്നു. പ്രണയത്തിന്റെ ആര്‍ദ്രതയും വിരഹത്തിന്റെ ചെറുനൊമ്പരവുമെല്ലാം നിഴലിയ്ക്കുന്നുണ്ട് ഈ ഗാനത്തിന്റെ വരികളില്‍.
ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക് ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ….’, ‘കണ്ണാന കണ്ണേ..’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായ സിദ് ശ്രീറാമിന്റെ മനോഹത്തിലെ ഗാനാലാപനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.
Read more:‘ചൊവ്വ കുലുങ്ങി’; ഭൂമിയില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ആ ശബ്ദം പങ്കുവച്ച് നാസ: വീഡിയോ
അനവര്‍ സാദിഖ് ആണ് മനോഹരം എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇന്ദ്രന്‍സ്, ബേസില്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് മനോഹരം. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.
വിനീത് ശ്രീനിവാസന് അനന്‍വര്‍ സാദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രവും തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. മനോഹരം എന്ന ചിത്രവും സുന്ദരമായ ഒരു ദൃശ്യ വിരുന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.