വരവറിയിച്ച് ആകാശഗംഗ 2; ട്രെയ്‌ലര്‍ യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

October 19, 2019

1999 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ‘ആകാശഗംഗ’. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഭയാനകമായ മുഹൂര്‍ത്തങ്ങളാണ് വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്. ടെലിവിഷന്‍ സ്‌ക്രീനുകളിലും ചിത്രം മികച്ച സ്വീകാര്യത നേടി. വിനയനാണ് ‘ആകാശഗംഗ’ എന്ന സിനിമയുടെ സംവിധായകന്‍. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. നവംബര്‍ ഒന്നിന് ആകാശഗംഗ 2 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ഇപ്പോഴിതാ ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് ആകാശഗംഗ 2 ന്റെ ട്രെയ്‌ലര്‍. മലയാളികളുടെ പ്രിയതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ട്രെയ്‌ലറില്‍ അധികവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്നലെ വൈകിട്ട് റിലീസ് ചെയ്ത ട്രെയ്‌ലര്‍ ഇപ്പോഴും യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ്.

Read more:നീയെന്റെ തിളങ്ങുന്ന നക്ഷത്രം’; ഭാര്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൗബിന്‍: ചിത്രങ്ങള്‍

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സെന്തില്‍ കൃഷ്ണ, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്‌നി ഖാന്‍, കനകലത, നിഹാരിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ആകാശഗംഗ 2.

മലയാളത്തിലും തമിഴിലുമാണ് ആകാശഗംഗ 2 എന്ന ഹൊറര്‍ ചിത്രം ഒരുങ്ങുന്നത്. കലഭാവന്‍ മണിയുടെ ജീവിത കഥ പ്രമേയമാക്കി ഒരുക്കിയ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യ്ക്ക് ശേഷം വിനയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ആകാശഗംഗ 2. പ്രകാശ് കുട്ടിയാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അഭിലാഷ് ആണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ആകാശഗംഗ തിയറ്ററുകളിലെത്തി ഇരുപത് വര്‍ഷം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിലായിരുന്നു ആകാശഗംഗ 2ന്റെയും ചിത്രീകരണം.