ആഘോഷരാവിന്റെ ദൃശ്യമികവില്‍ കിടിലന്‍ താളത്തില്‍ ‘ധമാക്ക’യിലെ ഗാനം: വീഡിയോ

October 19, 2019

പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ‘ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി…’ എന്ന ഗാനം. ധമാക്ക എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ആഘോഷരാവിന്റെ ദൃശ്യ മികവും കിടിലന്‍ താളവുമാണ് ഗാനരംഗത്തിലെ മുഖ്യ ആകര്‍ഷണം. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അശ്വിന്‍ വിജയന്‍, അഫ്‌സല്‍, സച്ചിന്‍ രാജ്, സിതാര കൃഷ്ണകുമാര്‍, ശ്വേത എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഒമര്‍ ലുലു സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ധമാക്ക. ‘ഹാപ്പിംഗ് വെഡ്ഡിംഗ്’, ‘ചങ്ക്‌സ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കളര്‍ഫുള്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും പുതിയ ഗാനവുമെല്ലാം ഇത് ശരിവയ്ക്കുന്നുണ്ട്.

Read more:‘എനിക്ക് നിവര്‍ന്ന് നിന്ന് ഡാന്‍സ് ചെയ്യണം ചേട്ടാ… ചത്താലും വേണ്ടില്ല’ ഹൃദയംതൊടും ഭാര്യയെക്കുറിച്ചുള്ള ഭര്‍ത്താവിന്റെ ഈ കുറിപ്പ്

ചിത്രീകരണം പൂര്‍ത്തിയായ ധമാക്ക നവംബറില്‍ തിയറ്ററുകളിലെത്തും. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ അരുണ്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഉറുവ്വശി, സലിം കുമാര്‍, സാബു മോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നേഹ സക്‌സേന, ഇന്നസെന്റ്, ശാലിന്‍ സോയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

അതേസമയം ചിത്രത്തിനു വേണ്ടിയുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മേക്ക് ഓവറും മുകേഷിന്റെ മേക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ രസകരമായ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.