‘ആരും അറിയാതെ ഇങ്ങനെ ഒരു ഒസ്യത്ത് എന്റെ പേരിൽ എഴുതിവച്ചതിന് നന്ദി’; ശ്രദ്ധേയമായി ഹരീഷ് പേരാടിയുടെ കുറിപ്പ്

October 31, 2019

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട വില്ലൻ കഥാപാത്രങ്ങളിൽ ഒരാളാണ് രാജൻ പി ദേവ്. നിരവധി ചിത്രങ്ങളിലെ വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത താരമായി മാറിയ രാജൻ പി ദേവിന് നന്ദിയുമായി എത്തുകയാണ് നടൻ ഹരീഷ് പേരാടി.

ആകാശഗംഗ 2 എന്ന ചിത്രത്തിൽ ഹരീഷ് പേരാടിയാണ് ആദ്യ ചിത്രത്തിൽ രാജൻ പി ദേവ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായി വരുന്നത്. ഈ സാഹചര്യത്തിലാണ് രാജൻ പി ദേവിന് നന്ദിയുമായി താരം എത്തുന്നത്.

അതേസമയം മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രങ്ങളിൽ ഒന്നാണ് 1999 ൽ പുറത്തിറങ്ങിയ ആകാശഗംഗ. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഭയാനകമായ മുഹൂര്‍ത്തങ്ങളാണ് വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകൻ വിനയൻ വീണ്ടും എത്തുമ്പോൾ വാനോളമാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സെന്തില്‍ കൃഷ്ണ, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമ്യ കൃഷ്ണന്‍, പ്രവീണ, ആരതി, തെസ്‌നി ഖാന്‍, കനകലത, നിഹാരിക തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം…

രാജേട്ടാ… ഞാൻ തമിഴ് സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ അവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇപ്പോഴും രാജേട്ടനെ പറ്റി പറയാറുണ്ട്… കേൾക്കുമ്പോൾ വലിയ സന്തോഷമാണ് … നാടകം, മലയാള സിനിമ, തമിഴ് സിനിമ …മുരളിയേട്ടനും കലാഭവൻ മണിയും തിലകൻ ചേട്ടനും നിങ്ങളുമൊക്കെ വെട്ടി തെളിയിച്ച വഴിയിലൂടെ ഇങ്ങനെ നടക്കുമ്പോൾ അതിർത്തികൾ കിഴടക്കുന്ന ഒരു പട്ടാളക്കാരന്റെ സന്തോഷമാണെനിക്ക് … ഈ കത്തെഴുതാനുള്ള പ്രധാന കാരണം…നിങ്ങളഭിനയിച്ച ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ രാജേട്ടൻ ഗംഭിരമാക്കിയ മേപ്പാടൻ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാൻ വിനയൻ സാർ എന്നെയാണ് നിയോഗിച്ചത്… ഇത് എനിക്ക് രാജേട്ടന്റെ പേരിൽ കിട്ടുന്ന ഒരു അവാർഡായാണ് ഞാൻ കാണുന്നത് … നവംബർ ഒന്നിന് പടം റിലീസാവുകയാണ്… ആരും അറിയാതെ ഇങ്ങനെ ഒരു ഒസ്യത്ത് എന്‍റെ പേരില്‍ എഴുതിവച്ചതിന് നന്ദി… അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവർഷങ്ങൾ ഞാൻ അറിയുന്നുണ്ട്… മുരളിയേട്ടനോടും മണിയോടും തിലകൻ ചേട്ടനോടും ഭരത് ഗോപി സാറിനോടും അന്വേഷ്ണം അറിയിക്കണം….