പോത്തിന് പിന്നാലെ ഓടി ജനം, ജനത്തിന് പിന്നാലെ പാഞ്ഞ് ഗിരീഷ്; “എന്നാലും എന്നാ ഒരു ഓട്ടമാണിതെന്ന്” സോഷ്യല്‍മീഡിയ: ജല്ലിക്കട്ട് മെയ്ക്കിങ് വീഡിയോ

October 9, 2019

കെട്ടുപൊട്ടിച്ചോടിയ ഒരു പോത്തിന് പിന്നാലെയാണ് കുറച്ചുദിവസങ്ങളായി മലയാള ചലച്ചിത്രലോകം. പറഞ്ഞുവരുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് എന്ന സിനിമയെക്കുറിച്ച്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കുന്നത് അവിസ്മരണീയമായ ദൃശ്യവിസ്മയമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധായക മികവിനൊപ്പം കൈയടി നേടിയ മറ്റൊന്നാണ് ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണം.

പോത്തിന് പിന്നാലെ ജനങ്ങള്‍ ഓടുമ്പോള്‍ അവര്‍ക്ക് പിന്നാലെ അതിവേഗം ഓടിയാണ് ഗിരിഷ് ഗംഗാധരന്‍ ചിത്രത്തിലെ മികവേറിയ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. പോത്തിന് പിന്നാലെ പ്രേക്ഷകരെ പോലും ഓടിപ്പിക്കാന്‍ തക്കവണ്ണം, അതിഗംഭീര ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗിരീഷ് ഗംഗാധരന്‍ നടത്തിയ ഒരു ഓട്ടമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

കാമറയുംകൊണ്ട് ഇടവഴികളും കുറ്റിക്കാടുകളും താണ്ടി കുതറിയോടുന്ന ഗിരിഷ് ഗംഗാധരനെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ഒറ്റ ഷോട്ടില്‍ ഗിരീഷ് ഓടിയ ഈ ഓട്ടം ഇതിനോടകംതന്നെ കൈയടി നേടിക്കഴിഞ്ഞു.

അങ്കമാലി ഡയറീസ്, ഈ.മാ.യൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കട്ട്. മലയാള ചലച്ചിത്രലോകത്തിന് ഒരല്പം വിത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. അതിസാഹസിക രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

Read more:നിങ്ങള്‍ കേട്ടിട്ടുണ്ടോ ഉറക്കത്തില്‍ നിറംമാറുന്ന നീരാളിയെക്കുറിച്ച്‌…!

എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജല്ലിക്കട്ട് എന്ന ചിത്രമൊരുക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒ തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.