ജല്ലിക്കട്ടിന്റെ ശബ്ദവിസ്‌മയം രൂപപ്പെട്ടത് ഇങ്ങനെ; വൈറലായി വീഡിയോ

October 7, 2019

പ്രേക്ഷകനെ അമ്പരപ്പിച്ച കാഴ്ചയുടെയും ശബ്ദത്തിന്റെയും വേറിട്ടൊരു അനുഭവമാണ് ജല്ലിക്കട്ട് സമ്മാനിച്ചത്. ഓരോ ചിത്രങ്ങളിലും വ്യത്യസ്തതകൾ പരീക്ഷിക്കുന്ന ലിജോ ജോസിന്റെ പുതിയ ചിത്രം ജല്ലിക്കട്ട് മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടിരിക്കുമ്പോൾ, ഏറെ ശ്രദ്ധ ആകർഷിക്കുന്നത് ചിത്രത്തിലെ ദൃശ്യ വിസ്‌മയം ഒരുക്കിയ ഗിരീഷ് ഗംഗാധരനും പശ്ചാത്തല സംഗീതം ഒരുക്കിയ പ്രശാന്ത് പിള്ള, ശബ്ദ സംവിധാനം നിർവഹിച്ച രംഗനാഥ്‌ രവി, ശബ്ദമിശ്രണം നിർവഹിച്ച കണ്ണൻ ഗണപത് എന്നിവരുടെ സംഭാവനകളാണ്.

ഇപ്പോഴിതാ ചിത്രത്തിലെ ഏറെ ശ്രദ്ധ ആകർഷിച്ച ശബ്ദ വിസ്‌മയത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കട്ടപ്പനയിൽ വച്ച് നൂറിലധികം ആളുകളെ സംഘടിപ്പിച്ച് രണ്ട് ദിവസം കൊണ്ടാണ് ആൾക്കൂട്ട ശബ്ദങ്ങളൊക്കെ റെക്കോർഡ് ചെയ്തത്.

കാഴ്ചക്കാരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ദൃശ്യമികവും ചിത്രത്തെ മികവുറ്റതാക്കുന്നു. ‘ജല്ലിക്കട്ട്’ എന്ന ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകർക്കും പറയാനുള്ളത് തിയേറ്ററിൽ വിരിഞ്ഞ അത്ഭുതത്തെക്കുറിച്ചാണ്. ഒന്നര മണിക്കൂർ ഓരോ പ്രേക്ഷകനും തിയേറ്ററിൽ ശ്വാസം അടക്കിപിടിച്ചിരുന്ന നിമിഷത്തെക്കുറിച്ചാണ്. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെയാണ് ലിജോ ജോസ്  പെല്ലിശ്ശേരി മലയാള സിനിമയിലേക്ക് ചുവടുവച്ചത്. സിറ്റി ഓഫ് ഗോഡ് (2011), ആമേൻ (2013), ഡബിൾ ബാരൽ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ  പിടിച്ചുപറ്റി. 2017 ൽ  86 പുതുമുഖങ്ങൾ മുഖ്യ കഥാപാത്രമായി എത്തിയ അങ്കമാലി ഡയറിസ് എന്ന സിനിമയാണ് മലയാള സിനിമയിൽ ലിജോയുടെ സ്ഥാനം ഉറപ്പിച്ചത്. ശേഷം ഈ.മ.യൗ 2018 ൽ പുറത്തിറങ്ങി. 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലൂടെ ലിജോയെത്തേടിയെത്തി. 48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരം, 49-ാമത് അന്താരാഷ്ട ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ പിയാകിൻ മികച്ച നടനുള്ള അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിൽ മറ്റൊരു അത്ഭുതമായി മാറിയിരിക്കുകയാണ് ജെല്ലിക്കട്ട് എന്ന ചിത്രം.