ദശാവതാരത്തിലെ കഥാപാത്രങ്ങളെ വേദിയില്‍ അനുകരിച്ച് കമല്‍ഹാസന്‍: വീഡിയോ

October 29, 2019

വെള്ളിത്തിരയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയ ഇതിഹാസം, മഹാനടന്‍ കമലഹാസനെ ഇങ്ങനെ വിശേഷിപ്പിക്കാം. അത്രമേല്‍ പ്രശംസനീയമാണ് അദ്ദേഹം അവിസ്മരണീയമാക്കുന്ന കഥാപാത്രങ്ങള്‍. അഭിനയത്തിനു പുറമെ ഗായകനെന്ന നിലയിലും ചലച്ചിത്ര ലോകത്ത് താരം നിറസാന്നിധ്യമാണ്. ഉലകനായകന്‍ എന്ന് ചലച്ചിത്ര ലോകം അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിച്ചു.

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഉലകനായകന്‍ കമല്‍ഹാസന്റെ അഭിനയപ്രകടനം. നിമിഷങ്ങള്‍ക്കുള്ളില്‍ ശബ്ദത്തില്‍ മാറ്റം വരുത്തി ‘ദശാവതാരം’ എന്ന തന്റെ ചിത്രത്തിലെ കഥാപാത്രങ്ങളെ അനുകരിക്കുകയാണ് താരം. സിനിമ വികടന്‍ എന്ന യുട്യൂബ് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

അഭിമുഖത്തിനിടെ അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒട്ടും മടിച്ചു നില്‍ക്കാതെ ദശാവതാരത്തിലെ പത്ത് കഥാപാത്രങ്ങളുടെയും ശബ്ദം കമലഹാസന്‍ അനുകരിച്ചു. മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Read more:ദേ, ഇവനാണ് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയ ആ ട്രോള്‍ വീഡിയോയുടെ എഡിറ്റര്‍

തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ‘ദശാവതാരം’. 2008- ലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അന്താരാഷ്ട്ര തലത്തില്‍തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. രംഗരാജ നമ്പി, ഗോവിന്ദരാജന്‍ രാമസ്വാമി, ജോര്‍ജ് ബുഷ്, അവതാര്‍ സിങ്, ക്രിസ്റ്റിയന്‍ ഫ്‌ലെച്ചര്‍, ഷിങ്‌ഹെന്‍ നരഹാസി, ക്രിഷ്ണവേണി, വിന്‍സെന്റ് പൂവരാഗന്‍, കല്ഫുള്ള മുക്താര്‍, ബല്‍റാം നായിഡു എന്നിങ്ങനെ രൂപത്തിലും ഭാവത്തിലുമെല്ലാം വിത്യസ്തമായ പത്ത് കഥാപാത്രങ്ങളെയാണ് ദശാവതാരം എന്ന ചിത്രത്തിലൂടെ കമല്‍ഹാസന്‍ അവിസ്മരണീയമാക്കിയത്.