‘മഹാ’ ചുഴലിക്കാറ്റ്: എറണാകുളം തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; അതീവ ജാഗ്രതാ നിർദ്ദേശം
അറബിക്കടലിൽ രൂപംകൊണ്ട മഹാ ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ പലയിടങ്ങളിലും ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും കനത്ത ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. കൂടാതെ തീരദേശങ്ങളിൽ താമസിക്കുന്നവർക്ക് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ എറണാകുളം ഉൾപ്പെടെയുള്ള തീരദേശങ്ങളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. അതേസമയം ഉൾക്കടലിൽ കടൽ പ്രക്ഷുപ്തമായ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
തീവ്രമഴ പെയ്യാന്‍ സാധ്യതയുള്ള എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റിനെത്തുടർന്ന് മിക്കയിടങ്ങളിലും മണ്ണിടിച്ചിലും മരം വീഴ്ച്ചയും നടന്നിട്ടുണ്ട്. അതിനാൽ പലയിടങ്ങയിലും ഗതാഗത സംവിധാനങ്ങളും താറുമാറായി. മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ള പാച്ചിലിനും സാധ്യതയുള്ളതിനാൽ രാത്രിയാത്രകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
അറബിക്കടലിൽ രൂപംകൊണ്ട മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് അടുക്കുന്നതിനാല്‍ ലക്ഷദ്വീപില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഹാ ചുഴലിക്കാറ്റ് മണിക്കൂറില്‍ 22 കി.മീ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങളിലൂടെ മഹാ ചുഴലിക്കാറ്റ് കടന്നുപോകുന്നതിനാല്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരാനാണ് സാധ്യത. അതേസമയം ലക്ഷദ്വീപിലും കനത്ത മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റികൊണ്ടിരിക്കുന്നു.