‘മിഖായേല്‍’ ഹിന്ദി പതിപ്പിന് വന്‍ വരവേല്‍പ്; യുട്യൂബില്‍ അഞ്ച് ദിവസംകൊണ്ട് 70 ലക്ഷത്തോളം കാഴ്ചക്കാര്‍

October 30, 2019

നിവിന്‍ പോളി നായക കഥാപാത്രമായെത്തിയ ചിത്രമാണ് മിഖായേല്‍. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത മിഖായേലിന്റെ ഹിന്ദി പതിപ്പ് ഇതിനോടകംതന്നെ എഴുപത് ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. ഈ മാസം 25 -നാണ് മിഖായേല്‍ ഹിന്ദി പതിപ്പ് യുട്യൂബില്‍ എത്തിയത്.

നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും മിഖായേല്‍ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തി. ഫാമിലി ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മാസ് ലുക്കിലാണ് നിവിന്‍ പോളിയും ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടിയാണ് മിഖായേല്‍ തിയറ്ററുകളിലെത്തിയത്. കുടുംബ ചിത്രം എന്നതിനൊപ്പം ഒരേസമയം ക്രൈം ത്രില്ലറുമാണ് മിഖായേല്‍.

Read more:പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ പക്ഷി ഇടിച്ചാല്‍…! വൈറലായി പൈലറ്റ് പകര്‍ത്തിയ വീഡിയോ

അതേസമയം ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിന്‍ പോളി അവസാനമായി വെള്ളിത്തിരയിലെത്തിയത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. നയന്‍താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളില്‍ ചിത്രം നേടിയത്. അജു വര്‍ഗീസ് നിര്‍മ്മാതാവാകുന്ന ആദ്യ ചിത്രംകൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ.

അതേസമയം മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന മാമാങ്കം എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഇനി തിയറ്ററുകളിലേക്കെത്താനുള്ളത്. ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്.