ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഷാനു; മികച്ച അഭിപ്രായവുമായി ‘ഒരു കടത്ത് നാടന്‍ കഥ’

October 26, 2019

ഷഹീന്‍ സിദ്ദിഖ് നായകനായെത്തി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഒരു കടത്തനാടൻ കഥ. നവാഗതനായ പീറ്റര്‍ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാത്ത ഷാനുവെന്ന യുവാവിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിൽ ഉടനീളം പറയുന്നത്. ചിത്രത്തിലെ മുഖ്യ കഥാപാത്രം ഷാനുവിന്റെ ഉമ്മയ്ക്ക് ഒരു അപകടം സംഭവിക്കുന്നു. ചികിത്സയ്ക്കായി പണമാവശ്യമായി വരുന്നതോടെ കുഴല്‍ പണം കടത്താന്‍ ഷാനു തയ്യാറാവുന്നു. ഷാനുവിന്റെ ജീവിതത്തില്‍ ഒരു ദിവസം രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ നേരിടേണ്ടി വരുന്ന ക്രൂരതകളുടെയും, ബുദ്ധിപൂര്‍വമായ അതിജീവനത്തിന്റെയും ഒരു പകലാണ് ഒരു കടത്ത് നാടന്‍ കഥ എന്ന ചിത്രത്തില്‍ പറയുന്നത്.

പീറ്റര്‍ സാജനും അനൂപ് മാധവനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദൃശ്യഭംഗിയിലും ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. ജോസഫ് സി മാത്യു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പീറ്റര്‍ സാജനാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നതും. അല്‍ഫോന്‍സ് ജോസഫ് സംഗീതം ഒരുക്കിയിരിക്കുന്നു. ഹരീഷ് നാരായണന്‍, ജോഫി തരകന്‍ എന്നിവരാണ് സിനിമയിലെ ഗാനങ്ങളുടെ രചന നിർവഹിച്ചിരിക്കുന്നത്. നീരാഞ്ജനം സിനിമാസിന്റെ ബാനറില്‍ റിതേഷ് കണ്ണനാണ് ഒരു കടത്ത് നാടന്‍ കഥ എന്ന സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

ഷഹീന്‍ സിദ്ദിഖിനൊപ്പം പ്രദീപ് റാവത്ത് , സലിം കുമാര്‍, സുധീര്‍ കരമന, ബിജു കുട്ടന്‍, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജന്‍ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്കുമാര്‍, ജയാ ശങ്കര്‍, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടന്‍, രാംദാസ് തിരുവില്വാമല, ഷഫീക് എന്നീ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.