ആയുധങ്ങളുമായി മോഷ്ടിക്കാനെത്തി; വയോധിക വച്ചുനീട്ടിയ പണം നിരസിച്ച് മോഷ്ടാവ്, ശേഷം നെറ്റിയില്‍ ഒരു ഉമ്മ…; വൈറല്‍ വീഡിയോ

October 19, 2019

സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു മോഷ്ടാവിന്റെ വീഡിയോ. ബ്രസീലിലെ ഒരു ഫാര്‍മസിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്.

സംഭവം ഇങ്ങനെ: വടക്കു കിഴക്കന്‍ ബ്രസീലിലെ ആമറാന്റെ എന്ന സ്ഥലത്തെ ഫാര്‍മസിയിലായിരുന്നു തികച്ചും വിത്യസ്തമായ ഈ സംഭവങ്ങള്‍ അരങ്ങേറിയത്. ആയുധധാരികളായ രണ്ട് മോഷ്ടാക്കള്‍ ഫാര്‍മസിയില്‍ മോഷ്ടിക്കാനെത്തി. ജീവനക്കാരനെ കൂടാതെ പ്രായമായ ഒരു സ്ത്രീയുമുണ്ടായിരുന്നു ഫാര്‍മസിയില്‍.

Read more:“പഠിച്ച് ബിഗ് ആയാല്‍ ഫാനില്‍ മുട്ടും; ഞാന്‍ സ്‌കൂളില്‍ പോവില്ല മോളേ…”; ചിരി നിറച്ച് ഈ കുസൃതിക്കുരുന്ന്: വൈറല്‍ വീഡിയോ

മോഷ്ടാക്കള്‍ പണമെല്ലാം നല്‍കാന്‍ ജീവനക്കാരനോട് ആവശ്യപ്പെടുന്നു. മോഷ്ടാക്കളില്‍ ഒരാള്‍ വയോധികയുടെ സമീപത്താണ് നില്‍ക്കുന്നത്. രണ്ടാമനാകട്ടെ ഫാര്‍മസിയുടെ അവിടെയും ഇവിടെയുമെല്ലാം നടന്ന് പണം തിരയുന്ന തിരക്കിലാണ്. ഇതെല്ലാം കണ്ടുനിന്ന പ്രായമായ സ്ത്രീ തന്റെ കൈയിലുണ്ടായിരുന്ന പണം സമീപത്തായി നില്‍ക്കുന്ന മോഷ്ടാവിന്റെ നേര്‍ക്ക് നീട്ടുന്നു. എന്നാല്‍ അയാള്‍ ആ പണം നിരസിച്ചു. വയോധികയെ മോഷ്ടാവ് ആശ്വസിപ്പിക്കുന്നതും ഒടുവില്‍ നെറ്റിയില്‍ ഒരു ചുംബനം നല്‍കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

പ്രായമായ സ്ത്രീയുടെ പണം നിരസിച്ചെങ്കിലും ഫാര്‍മസിയില്‍ നിന്നും 1000 ഡോളറോളം കൈവശപ്പെടുത്തിയ ശേഷമാണ് മോഷ്ടാക്കള്‍ അവിടെ നിന്നും പോയത്. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.