മേക്ക്ഓവറില്‍ അതിശയിപ്പിച്ച് നടി സുരഭി ലക്ഷ്മി; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

October 30, 2019

മികവാര്‍ന്ന അഭിനയംകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താമാണ് സുരഭി ലക്ഷ്മി. ദേശീയ പുരസ്‌കാര ജേതാവുകൂടിയായ സുരഭി ലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു.സുരഭി ലക്ഷ്മിയുടെ അഭിനയം മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും എക്കാലത്തും കൈയടി നേടുന്നു. താരം അവിസ്മരണീയമാക്കുന്ന കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറാണ് പതിവ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 2016- ല്‍ സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.2005 മുതല്‍ ചലച്ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട സുരഭി ലക്ഷ്മി ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബൈ ദ പീപ്പിള്‍, കാഞ്ചിപുരത്തെ കല്യാണം, തിരക്കഥ, പുതിയ മുഖം, സ്വപ്‌ന സഞ്ചാരി, കഥ തുടരുന്നു, അയാളും ഞാനും തമ്മില്‍, തത്സമയം ഒരു പെണ്‍കുട്ടി, എന്ന് നിന്റെ മൊയ്തീന്‍, കിസ്മത്ത്, ഈട, തീവണ്ടി, അതിരന്‍… ഇങ്ങനെ നീളുന്നു സുരഭി ലക്ഷ്മി അഭിനയിച്ച സിനിമകള്‍.അതേസമയം വികൃതിയാണ് സുരഭി ലക്ഷ്മി അവസാനമായി വെള്ളിത്തിരയിലെത്തിയ ചിത്രം. സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നവാഗതനായ എം സി ജോസഫാണ് വികൃതി എന്ന ചിത്രത്തിന്റെ സംവിധാനം. കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അങ്കമാലി സ്വദേശി എല്‍ദോ എന്ന വ്യക്തിയുടെ ജീവിതമാണ് വികൃതി എന്ന ചിത്രം പറയുന്നത്. ശാരീരിക പരിമിധികളുള്ള എല്‍ദോ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും തിരികെ വരുമ്പോഴാണ് എല്‍ദോ മെട്രോയില്‍ കിടന്ന് അവശനായി ഉറങ്ങിപോയത്. വികൃതി എന്ന ചിത്രത്തിലൂടെ ഈ സംഭവത്തെ വെള്ളിത്തിരയില്‍ എത്തിക്കുകയാണ് സംവിധായകന്‍.