സുരാജിന്റെ മേക്ക് ഓവറിൽ അമ്പരന്ന് സിനിമാലോകം; സൗബിന്റെ അച്ഛനായി താരം, ശ്രദ്ധനേടി ചിത്രം

October 23, 2019

മലയാള സിനിമയിലെ അത്ഭുത അഭിനയ പ്രതിഭകൾ… കോമഡിയും പ്രണയവും സീരിയസ് കഥാപാത്രവുമെല്ലാം ഈ കൈകളിൽ ഒരുപോലെ ഭദ്രം… പറഞ്ഞുവരുന്നത് ഒരാളെക്കുറിച്ചല്ല രണ്ടുപേരെ കുറിച്ചാണ്.. തൊടുന്ന കഥാപാത്രങ്ങളെയെല്ലാം അവിസ്മരണീയമാക്കുന്ന സൗബിൻ സാഹിറും, സുരാജ് വെഞ്ഞാറമൂടും. ഇരുവരും ഒന്നിച്ചെത്തി വെള്ളിത്തിരയിൽ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ വികൃതി. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രത്തിനായുള്ള സിനിമ പ്രേമികളുടെ ആകാംഷയും ചെറുതൊന്നുമല്ല.

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഇപ്പോഴിതാ ചലച്ചിത്രലോകം ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ് ചിത്രത്തിലെ സൂരാജ് വെഞ്ഞാറമൂടിന്റെ മേക്ക് ഓവർ. ചിത്രത്തിൽ സൗബിന്റെ പിതാവായാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. നരച്ച മുടിയും താടിയുമായി വട്ടക്കണ്ണടയും ധരിച്ച് ഇരിക്കുന്ന സുരാജിന്റെ ചിത്രം സിനിമയുടെ അണിയറ പ്രവർത്തകരാണ് പുറത്തുവിട്ടത്.

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡ് ആണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.  ചിത്രം നവംബറിൽ തിയറ്ററുകളിൽ എത്തും.

അതേസമയം നവാഗതനായ എം സി ജോസഫാണ് വികൃതി എന്ന ചിത്രത്തിന്‍റെ സംവിധാനം  നിർവഹിച്ചത്‌. കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അങ്കമാലി സ്വദേശി എല്‍ദോ എന്ന വ്യക്തിയുടെ ജീവിതമാണ് വികൃതി എന്ന ചിത്രം പറയുന്നത്. ശാരീരിക പരിമിധികളുള്ള എല്‍ദോ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും തിരികെ വരുമ്പോഴാണ് എല്‍ദോ മെട്രോയില്‍ കിടന്ന് അവശനായി ഉറങ്ങിപോയത്. വികൃതി എന്ന ചിത്രത്തിലൂടെ ഈ സംഭവത്തെ വെള്ളിത്തിരയില്‍ എത്തിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Read more: മക്കൾ 21, പുതിയ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി കുടുംബം; സന്തോഷം പങ്കുവച്ച് ‘അമ്മ, വീഡിയോ

ചിത്രത്തില്‍ എല്‍ദോയായി വേഷമിടുന്നത് സുരാജ് വെഞ്ഞാറമൂടാണ്. സംസാര ശേഷിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ട യുവാവായാണ് ചിത്രത്തില്‍ സുരാജ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം മെട്രോയില്‍ അവശനായി കിടന്ന യുവാവിന്റെ ചിത്രങ്ങള്‍ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വ്യക്തിയായാണ് സൗബിന്‍ എത്തുന്നത്. സമീര്‍ എന്നാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.