‘ഉയര്‍ന്ത മനിതന്’ ആയി അമിതാഭ് ബച്ചന്; ഈ പേരിലുമുണ്ട് മറ്റൊരു കൗതുകം
ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാനടനാണ് സിനിമാ ലോകം ‘ബിഗ് ബി’ എന്നു വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന്. ബോളിവുഡ് മെഗാസ്റ്റാര്‍ ഇപ്പോള്‍ തമിഴിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എസ്.ജെ സൂര്യയ്ക്കൊപ്പം ‘ഉയര്‍ന്ത മനിതന്’എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബിയുടെ തമിഴിലേക്കുള്ള പ്രവേശനം. തമിള്‍ വണ്ണനാണ് ചിത്രത്തിന്റെ സംവിധാനം. അതേസമയം ഉയര്‍ന്ത മനിതന് എന്ന സിനിമാ പേരില്‍ മറ്റൊരു കൗതുകം കൂടിയുണ്ട്. ഇതേ പേരില്‍ മറ്റൊരു ചിത്രവും മുമ്പ് പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.
1968-ല്‍ തിയറ്ററുകളിലെത്തിയ ഉയര്‍ന്ത മനിതന് എന്ന ചിത്രത്തില്‍ ശിവാജി ഗണേശനായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ആര് കൃഷ്ണനും എസ് പഞ്ചുവും ചേര്‍ന്നായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രവും മികച്ച പ്രതികരണം നേടിയിരുന്നു. ഇതേ പേരില്‍ വീണ്ടും ഒരു ചിത്രമൊരുങ്ങുമ്പോള്‍ ആകാംഷയിലാണ് പ്രേക്ഷകരും.
അതേസമയം അമിതാഭ് ബച്ചന് പ്രധാന കഥാപാത്രമായെത്തുന്ന ഉയര്‍ന്ത മനിതന് വിത്യസ്തവും മനോഹരവുമായ ഒരു കഥയാണ്. ഉയര്‍ന്ത മനിതന് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഉയരമുള്ള മനുഷ്യന് എന്നാണ്. ഒരു മനുഷ്യന്റെ മഹത്വത്തേയും ഈ വാക്ക് സൂചിപ്പിക്കുന്നുണ്ട് ഉയര്‍ന്ത മനിതന് ഹിന്ദിയിലും നിര്‍മ്മിക്കാനാണ് തീരുമാനം. ചിത്രം ഹിന്ദിയില്‍ നിര്‍മ്മിക്കുമ്പോള്‍ എസ്.ജെ സൂര്യയുടെ ആദ്യ ഹിന്ദി ചിത്രമാകും ഇത്. ഹിന്ദിയിലെ തന്റെ ആദ്യ സിനിമ തന്നെ അമിതാഭ് ബച്ചനോടൊപ്പമാകുന്നതിന്റെ സന്തോഷവും എസ്.ജെ സൂര്യ നേരത്തെ പ്രകടിപ്പിച്ചിരുന്നു.
Read more:‘ഞാന്‍ സീരിയസ് ആയിട്ട് ഒരു കാര്യം ചോദിച്ചാല്‍ കോമഡി ആയിട്ട് എടുക്കുവോ’: മുന്തിരിമൊഞ്ചന് ടീസര്‍
ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയപ്പോള്‍തന്നെ ബിഗ് ബിയുടെ നാല്പത് ദിവസങ്ങള്‍ വേണ്ടിവരും ഈ ചിത്രത്തിന് എന്ന് സംവിധായകന് തമിള്‍ വണ്ണന് വ്യക്തമാക്കിയിരുന്നു. തന്റെ സുഹൃത്തായ അമിതാഭ് ബച്ചന്റെ തമിഴിലേക്കുള്ള വരവ് തമിഴ് സിനിമാ ലോകത്തിനു മുഴുവന്‍ അഭിമാനമാണെന്ന് രജനീകാന്തും മുമ്പ് വ്യക്തമാക്കി. ബിഗ്ബി തമിഴ്സിനിമയില്‍ നായകനായി എത്തുന്നത് ആദ്യമാണെങ്കിലും തമിഴ് സിനിമയുടെ പിന്നണിയില്‍ ഇതിനുമുമ്പും പ്രവര്‍ത്തിച്ചിട്ടുണ്ട്. അജിത്തും വിക്രവും പ്രധാന കഥാപാത്രങ്ങളിലെത്തിയ ഉല്ലാസം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു അമിതാഭ് ബച്ചന്.