അഭിനയത്തില്‍ അതിശയിപ്പിച്ച് സുരാജ് വെഞ്ഞാറമൂടും സൗബിനും; ‘വികൃതി’ മെയ്ക്കിങ് വീഡിയോ

October 12, 2019

അഭിനയത്തിന്റെ കാര്യത്തില്‍ പകരംവയ്ക്കാനില്ലാത്ത താരങ്ങളാണ് സുരാജ് വെഞ്ഞാറുമൂടും സൗബിന്‍ സാഹിറും. ഇരു താരങ്ങളുടെയും കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ എക്കാലത്തും കൈയടി നേടാറാണ് പതിവ്. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ സാഹിറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് വികൃതി. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ.

നവാഗതനായ എം സി ജോസഫാണ് വികൃതി എന്ന ചിത്രത്തിന്റെ സംവിധാനം. കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അങ്കമാലി സ്വദേശി എല്‍ദോ എന്ന വ്യക്തിയുടെ ജീവിതമാണ് വികൃതി എന്ന ചിത്രം പറയുന്നത്. ശാരീരിക പരിമിധികളുള്ള എല്‍ദോ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും തിരികെ വരുമ്പോഴാണ് എല്‍ദോ മെട്രോയില്‍ കിടന്ന് അവശനായി ഉറങ്ങിപോയത്. വികൃതി എന്ന ചിത്രത്തിലൂടെ ഈ സംഭവത്തെ വെള്ളിത്തിരയില്‍ എത്തിക്കുകയാണ് സംവിധായകന്‍.

Read more:ആര്‍ദ്രമായ ആലാപനവുമായി ചിത്രയും ഹരിശങ്കറും; ശ്രദ്ധേയമായി മുന്തിരി മൊഞ്ചനിലെ ഗാനം: വീഡിയോ

ചിത്രത്തില്‍ എല്‍ദോയായി വേഷമിടുന്നത് സുരാജ് വെഞ്ഞാറമൂടാണ്. സംസാര ശേഷിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ട യുവാവായാണ് ചിത്രത്തില്‍ സുരാജ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം മെട്രോയില്‍ അവശനായി കിടന്ന യുവാവിന്റെ ചിത്രങ്ങള്‍ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വ്യക്തിയായാണ് സൗബിന്‍ എത്തുന്നത്. സമീര്‍ എന്നാണ് ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ബാബുരാജ്, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുരഭി ലക്ഷ്മി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരമായ വിന്‍സിയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.