“ദൈവവുമായിട്ടൊക്കെ ഇടപാടുള്ള ആളാണല്ലേ…”; ശ്രദ്ധേയമായി നാല്‍പത്തിയൊന്ന് ട്രെയ്‌ലര്‍

November 3, 2019

ബിജു മേനോനും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് നാല്‍പത്തിയൊന്ന്. ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ എട്ട് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് നാല്‍പത്തിയൊന്ന്. കണ്ണൂര്‍ ജില്ലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കണ്ണൂരില്‍ നിന്ന് തുടങ്ങി ഒരു തെക്കന്‍ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് കുമാര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. അജയന്‍ മാങ്ങോടാണ് കലാസംവിധാനം. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. രഘുരാമ വര്‍മ്മയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

Read more:കുഞ്ഞുങ്ങളിലെ അമിതഭാരം: അറിയാം കാരണങ്ങളും പ്രതിവിധികളും

അതേസമയം ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ‘അരുതരുത്…’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തെത്തിയത്. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിജേഷ് ഗോപാലാണ് ആലാപനം. നാല്‍പത്തിയൊന്ന് എന്ന ചിത്രത്തിലെ മേലേ മേഘക്കൊമ്പില്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും അടുത്തിടെ പുറത്തെത്തിയിരുന്നു. ഈ ഗാനത്തിനും മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്രേയ ഘോഷാലാണ് മേലേ മേഘക്കൊമ്പില്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.

അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, ജി പ്രജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തട്ടുംപുറത്ത് അച്യുതനാണ് ലാല്‍ ജോസിന്റേതായി അവസാനമായി തിയറ്ററുകളില്‍ എത്തിയ ചിത്രം. മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്‍’. തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും.