കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി; സിനിമ ചിത്രീകരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് താരം

November 9, 2019

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഉടൻ. മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയായാണ് വേഷമിടുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കടക്കല്‍ ചന്ദ്രൻ എന്നായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ പേര് വൺ എന്നാണ്. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കാൻ എത്തിയിരിക്കുകയാണ് താരം. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്.

മലയാളത്തിലെ പ്രമുഖതാരനിരകളും  അണിനിരക്കുന്ന ചിത്രത്തിന്റെ പൂജ അടുത്തിടെ കഴിഞ്ഞിരുന്നു. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറാണ് ചിത്രം നിര്‍മിക്കാൻ ഒരുങ്ങുന്നത്. തിരുവനന്തപുരത്താണ് വണ്ണിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്.

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം ഗാനഗന്ധർവനാണ്.  രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധർവൻ. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് പിഷാരടിയും ഹരി പി നായരും ചേർന്നാണ്.

അതേസമയം മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രാചി തെഹ്ലാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.