കാത്തിരിപ്പ് നീളും; ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ റിലീസ് മാറ്റിവെച്ചു

November 11, 2019

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും ട്രെയ്‌ലറുമെല്ലാം പ്രേക്ഷകപ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടിയെ ചരിത്ര നായകനായി കാണുന്നതിനുള്ള ആവേശത്തിലാണ് മലയാളികൾ.  നവംബർ 21 ന് ചിത്രം തിയേറ്ററുകളിലെത്തും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചു.

നവംബറിൽ നിന്നും ഡിസംബറിലേക്കാണ് മാമാങ്കം റിലീസ് മാറ്റിയത്. ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന റിലീസ് തീയതി ഡിസംബർ 12 ആണെന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

നവംബർ എട്ടു വരെ മാമാങ്കം അണിയറപ്രവർത്തകർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റുകളിൽ എല്ലാം ‘നവംബർ 21 റിലീസ്’ എന്ന ഹാഷ്ടാഗ് നൽകിയിരുന്നു. എന്നാൽ അതിനു ശേഷം ‘മാമാങ്കം ലോഡിങ്’ എന്ന  ഹാഷ്ടാഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും മാമാങ്കത്തിനായി കാത്തിരിപ്പ് നീളുകയാണ് .

അതേസമയം ചിത്രത്തിന്റെ റിലീസ് മാറ്റിയതായി പറയുന്ന ഉണ്ണി മുകുന്ദന്റെ പേരിലുള്ള ഒരു ശബ്ദ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. പക്ഷെ , തനിക്ക് ആ ശബ്ദ സന്ദേശവുമായി യാതൊരു ബന്ധവുമില്ലെന്നും റിലീസുമായി ബന്ധപ്പെട്ട വാർത്തകൾ ഔദ്യോഗിക പേജുകളിൽ പങ്കുവയ്ക്കുമെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

Read more:“ചിരിക്കാനുള്ളത് ഇതിലുണ്ട്, ഏത്തവാഴയും ഫാൻ ആണെന്നറിഞ്ഞതിൽ സന്തോഷം”; ട്രോൾ പങ്കുവെച്ച് ബാബു ആന്റണി

മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും മാമാങ്കം മൊഴിമാറ്റുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം.