തുടർച്ചയായി വയസ്സൻ കഥാപാത്രങ്ങൾ; സുരാജിന് സ്നേഹോപദേശവുമായി മമ്മൂട്ടി

November 15, 2019

മലയാള സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്തു മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേദികളിൽ തിളങ്ങിയിരുന്ന താരത്തെത്തേടി ദേശിയ അംഗീകാരം വരെ എത്തി. സുരാജ് വെഞ്ഞാറമൂടിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ആണ്. സിനിമയിൽ സൗബിൻ സാഹിറിന്റെ അച്ഛൻ വേഷത്തിലാണ് താരം എത്തുന്നത്.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഉൾപ്പെടെ തുടർച്ചയായി വയസ്സൻ കഥാപാത്രങ്ങളെയാണ് സുരാജ് അവതരിപ്പിക്കുന്നത്. ‘ഫൈനൽസ്’, ‘ഒരു യമണ്ടൻ പ്രേമകഥ’ തുടങ്ങിയ ചിത്രങ്ങളിലും സുരാജ് അച്ഛൻ കഥാപാത്രത്തെയാണ്  അവതരിപ്പിച്ചത്. തുടർച്ചയായി ഇത്തരം വേഷങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് സുരാജിന് ഒരു ഉപദേശം നൽകുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.

‘നീ കിളവനെയും അവതരിപ്പിച്ച് നടന്നോ, തിലകന്റെയും നെടുമുടിയുടേയുമൊക്കെ അവസ്ഥ അറിയാമല്ലോ. ചെറിയ പ്രായത്തിൽ തന്നെ വലിയ സംഭവങ്ങൾ ചെയ്തു’. മമ്മൂട്ടി സുരാജിന് നൽകിയ ഉപദേശമാണ് ഇത്. അതിനു മറുപടിയായി സുരാജ് പറഞ്ഞത് ഇങ്ങനെ ; ‘ ഇല്ല ഇക്ക, ഞാൻ ഇതോടെ ഈ പരിപാടി നിർത്തുവാ. എന്നിട്ട് ഇക്കയുടെ ചുവടു പിടിക്കാം’. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുരാജ് മമ്മൂട്ടിയുടെ ഉപദേശത്തെക്കുറിച്ച് പങ്കുവെച്ചത്.

ഒട്ടേറെ വേഷങ്ങൾ സിനിമയിൽ അവതരിപ്പിച്ചെങ്കിലും സുരാജിന് ബ്രേക്ക് നല്കിയത് ‘ആക്ഷൻ ഹീറോ ബിജു’വിലെ പവിത്രൻ എന്ന കഥാപാത്രമാണ്. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ആ വേഷം അത്ര വൈകാരികമായാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം  പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു.

Read More:ഈ കുട്ടിക്കൂട്ടത്തിനിടയിൽ ഒരു സൂപ്പർ താരമുണ്ട്..!

സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡ് ആണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിനു വേണ്ടിയുള്ള സുരാജ് വെഞ്ഞാറമൂടിന്റെ രൂപ പകർച്ചയാണ് ഏറ്റവും ശ്രദ്ദേയമായത്.