ഗ്രാമത്തിന്റെ ചാരുതയില്‍ ‘വാര്‍ത്തകള്‍ ഇതുവരെ’യിലെ പുതിയ ഗാനം: വീഡിയോ

November 16, 2019

ചില പാട്ടുകള്‍ കാലാന്തരങ്ങള്‍ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില്‍ തളംകെട്ടി കിടക്കും. പാട്ടുപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു ഗാനം. ‘വാര്‍ത്തകള്‍ ഇതുവരെ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ‘അമ്മാനത്താമലയില്‍…’ എന്നു തുടങ്ങുന്ന ഗാനത്തില്‍ ഗ്രാമത്തിന്റെ മനോഹരമായ ചാരുത നിഴലിച്ചിരിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് ഗാനത്തിലെ വരികള്‍. മെജോ ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു. ജി വേണുഗോപാലിന്റെ ആര്‍ദ്രമായ ആലാപനം ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

സിജു വില്‍സണ്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് വാര്‍ത്തകൾ ഇതുവരെ. നവാഗതനായ മനോജ് നായര്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘വാര്‍ത്തകള്‍ ഇതുവരെ’ എന്നാണ് സൂചന. വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, നന്ദു, മാമുക്കോയ, സൈജു കുറുപ്പ്, അലന്‍സിയര്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read more:പ്രണയഭാവങ്ങളില്‍ സിജു വിത്സണ്‍; മനോഹരം ഈ പ്രണയഗാനം

എല്‍ദോ ഐസക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റ്, പിഎസ്ജി എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ‘വാര്‍ത്തകള്‍ ഇതുവരെ’ എന്ന സിനിമയുടെ നിര്‍മ്മാണം.

ചിത്രത്തിന്റേതായി അടുത്തിടെ ‘സ്വപ്‌നം തേടാം…’ എന്നു തുടങ്ങുന്ന മനോഹരമായ ഒരു പ്രണയഗാനവും പുറത്തെത്തിയിരുന്നു. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്ന ഈ ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

https://www.youtube.com/watch?v=-HRkqf3B9yk&feature=emb_logo