ഇനി മുതൽ ടോൾ പ്ലാസകളിൽ നേരിട്ട് പണം അടയ്ക്കേണ്ട; ഡിസംബർ ഒന്നു മുതൽ ‘ഫാസ്ടാഗ്’ സംവിധാനം പ്രാബല്യത്തിൽ
വാഹനങ്ങളുമായി നിരത്തിലിറങ്ങിയാൽ ഒന്നും രണ്ടുമല്ല നിരവധി പ്രശ്നങ്ങളാണ് നാം ദിവസവും നേരിടുന്നത്. അതിൽ പ്രധാനമാണ് ടോൾ. രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ ടോൾ പിരിവുമായി ബന്ധപ്പെട്ട് ഒരുപാട് സമയം നാം ചിലവഴിക്കാറുണ്ട്. എന്നാൽ ടോൾ പ്ലാസകളിൽ നേരിട്ട് പണം അടയ്ക്കാതെ ഡിജിറ്റലായി പണം അടയ്ക്കാനുള്ള ‘ഫാസ്ടാഗ്’ എന്ന പുതിയ സൗകര്യം ഒരുക്കുകയാണ് സർക്കാർ. ഡിസംബർ ഒന്നു മുതൽ ഈ സൗകര്യം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം.
ഫാസ്ടാഗിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം– റിയർവ്യൂ മിററിന്റെ പിൻ ഭാഗത്തായി വാഹനത്തിനകത്ത് ഒരു സ്റ്റിക്കർ ഒട്ടിക്കുന്നു. വാഹനം ടോൾ പ്ലാസയിലൂടെ കടന്നു പോകുമ്പോൾ ഓട്ടോമാറ്റിക്കായി വാഹന ഉടമയുടെ ഫാസ്ടാഗുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടിൽ നിന്നും ടോൾ തനിയെ അടയ്ക്കപ്പെടും.
ഫാസ്ടാഗ് സംവിധാനം നിലവിൽ വരുന്നതോടെ ടോൾ പ്ലാസയിൽ ചിലവിടുന്ന സമയം, ആ സമയം വാഹനത്തിൽ നിന്നും പുറത്തേക്ക് പോകുന്ന ഇന്ധനം, വായു മലിനീകരണം എന്നിവ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. അതോടൊപ്പം ടോളിൽ പണം കൈകാര്യം ചെയ്യേണ്ട ആവശ്യവും ഇല്ലാതാവും.
Read also: താരിഫ് വർധന: ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ, നാഷണൽ ഹൈവേ അതോറിറ്റിയുമായി ചേർന്നാണ് ഇന്ത്യയിൽ ഈ സംവിധാനം നടപ്പിലാക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി നേരിട്ട് നടത്തുന്ന ഫാസ്ടാഗ് സേവന കേന്ദ്രങ്ങളിലൂടെയാണ് ഫാസ്ടാഗ് സൗജന്യമായി ലഭ്യമാകുന്നത്. രാജ്യത്തെ പ്രമുഖ ടോൾ പ്ലാസകൾക്ക് സമീപം നാഷണൽ ഹൈവേ സേവന കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡിസംബർ ഒന്നു വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. എന്നാൽ പിന്നീട് ഇതിൽ റീചാർജ് ചെയ്ത് ആവശ്യാനുസരണം ഉപയോഗിക്കാം.