‘സൗഹൃദത്തിന്റെ 36 വർഷങ്ങൾ, എന്റെ 55 സിനിമകളിലെ നായകൻ’- മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശോഭന

November 27, 2019

മലയാള സിനിമയിൽ എന്നും ഇഷ്ട എവർഗ്രീൻ പ്രണയജോഡികൾ ആരെന്നു ചോദിച്ചാൽ ഏറ്റവുമധികം ആളുകൾ പറയുന്നത് മോഹൻലാൽ- ശോഭന എന്നുതന്നെയായിരിക്കും. കാരണം അത്രയധികം പ്രേക്ഷകരെ സ്വാധീനിച്ച ഒരു ജോഡിയാണ്‌ അവർ. ശോഭനയുടെ വിടർന്ന മിഴികളിലെ പ്രണയവും മോഹൻലാലിൻറെ കുസൃതിയും ചേർന്ന് മനോഹരമായ അഭിനയ മുഹൂർത്തങ്ങളാണ് മലയാളി പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത്.

വർഷങ്ങൾക്ക് ശേഷം ആ പ്രണയ ജോഡികൾ ഒന്നിച്ച് എത്തിയിരിക്കുകയാണ്. സിനിമയിൽ അല്ലെന്നു മാത്രം. കഴിഞ്ഞ ദിവസമാണ്  ഇന്ത്യൻ സിനിമയിലെ എൺപതുകളിലെ താരങ്ങളെല്ലാം ഒത്തുചേർന്നത്. പത്ത് വർഷമായി നടക്കുന്ന ‘ക്ലാസ് ഓഫ് എയ്റ്റീസ്’ എന്ന റീയൂണിയനിൽ ആണ് മോഹൻലാൽ, ശോഭന, സുമലത, സുഹാസിനി, റഹ്മാൻ തുടങ്ങി നാല്പതോളം താരങ്ങൾ എത്തിയത്.

ചിരഞ്ജീവിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശോഭന, മോഹൻലാലിനൊപ്പമുള്ള ചിത്രമെടുത്ത ശേഷം ഫേസ്ബുക്കിൽ പങ്ക് വയ്ക്കുകയായിരുന്നു. ‘ 36 വർഷത്തെ സൗഹൃദം, 55 സിനിമകളിലെ എന്റെ നായകൻ..ശ്രീ മോഹൻലാൽ’ – ശോഭന ഫേസ്ബുക്കിൽ കുറിച്ചു.

Read More:‘പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ കുട്ടികളായിരുന്നു’- മംമ്തയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് സൈജു കുറുപ്പ്

മോഹൻലാലിനെ സംബന്ധിച്ച് പഴയ എവർഗ്രീൻ സിനിമകളിലെ നായികമാർക്കൊപ്പമുള്ള നിമിഷങ്ങൾ കൂടിയായിരുന്നു ഈ സംഗമം. എന്നും മലയാളികൾ ആഘോഷിക്കുന്ന പദ്മരാജൻ ചിത്രം ‘തൂവാനത്തുമ്പികൾ’ എന്ന സിനിമയിലെ ക്ലാരയും രാധയും( സുമലതയും പാർവതിയും) മോഹൻലാലിനൊപ്പം ചിത്രമെടുത്ത് പങ്കുവെച്ചിരുന്നു.