കലോത്സവനഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കൊടിമരത്തിനുണ്ട് ഒരു കഥ പറയാന്‍: വീഡിയോ

November 28, 2019

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു മുതല്‍ തുടക്കമായി. ആളും ആരവങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് കലോത്സവനഗരിയായ കാഞ്ഞങ്ങാട്. 14 ജില്ലകളില്‍ നിന്നായി 27000-ത്തോളം മത്സരാര്‍ത്ഥികള്‍ കലാമാമാങ്കത്തില്‍ പങ്കെടുക്കാനെത്തുന്നു. നിരവധിയാണ് കലോത്സവനഗരിയില്‍ നിന്നുള്ള വിശേഷങ്ങളും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കൊടിമരത്തിനുമുണ്ട് ചില വിശേഷങ്ങള്‍.

പ്രധാന വേദിയുടെ ഹൃദയഭാഗത്താണ് ഈ കൊടിമരം തലയുയര്‍ത്തി നില്‍ക്കുന്നത്. മനു മേനിക്കോട്ടാണ് ഹൃദയസ്പര്‍ശിയായ ഈ കൊടിമരത്തിന്റെ സ്രഷ്ടാവ്. മനു മേനിക്കോട്ട് കൊടിമരത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ‘ബേക്കല്‍ക്കോട്ട, ഹോസ്ദുര്‍ഗ് കോട്ട, ചന്ദ്രഗിരി കോട്ട അങ്ങനെ കോട്ടകളുടെ സ്ഥലമാണ് കാഞ്ഞങ്ങാട്. കാസര്‍ഗോഡ് ജില്ലയുടെ ഒരു ഐഡന്റിറ്റി തന്നെയാണ് കോട്ടകള്‍. അങ്ങനെയാണ് കോട്ടയെ ബേസ് ചെയ്ത് കൊടിമരം ഉണ്ടാക്കാന്‍ തീരുമാനിച്ചത്. കലോത്സവത്തെയും പഠനത്തെയും ബന്ധപ്പെടുത്തുന്ന പെന്‍സിലിന്റെ മാതൃക തന്നെ തിരഞ്ഞെടുക്കുകയായിരുന്നു ഈ കൊടിമരത്തിന്.’

മൂന്നാഴ്ചകള്‍ക്കൊണ്ടാണ് ഈ കൊടിമരം ഇത്തരത്തില്‍ മനോഹരമാക്കിയത്. കലയെ ജീവനോളം സ്‌നേഹിക്കുന്ന ഒരു കലാകാരന്‍കൂടിയാണ് കൊടിമരത്തിന്റെ ശില്പിയായ മനു മേനിക്കോട്ട്. എന്തായാലും കാസര്‍ഗോഡിന്റെ തനിമയും കലോത്സവത്തിന്റെ ചാരുതയും കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ കൊടിമരം തലയുയര്‍ത്തി നില്‍ക്കുന്നു, കലാസ്വാദകരുടെ ഹൃദയത്തിലും…