അമ്മയ്ക്ക് സർപ്രൈസ് പിറന്നാൾ സമ്മാനമൊരുക്കി അഹാനയും സഹോദരിമാരും; സ്നേഹ വീഡിയോ

November 8, 2019

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് നടൻ കൃഷ്ണകുമാറിന്‍റെ കുടുംബം. കൃഷ്ണകുമാറിന്‍റെ മകൾ അഹാന കൃഷ്ണയ്ക്കും നിരവധിയാണ് ആരാധകർ. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയുമൊക്കെ ആരാധകരെ നേടിയെടുത്ത താരമാണ് അഹാന. അതുകൊണ്ടുതന്നെ ഇവരുടെ കുടുംബവിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ അമ്മയ്ക്ക് സർപ്രൈസ് പിറന്നാൾ സമ്മാനമൊരുക്കിയിരിക്കുകയാണ് അഹാനയും  സഹോദരിമാരും ചേർന്ന്. ഉറങ്ങിക്കിടന്ന അച്ഛനെ ബുദ്ധിമുട്ടിക്കാതെയാണ് ഇവർ പിറന്നാൾ ആഘോഷം ഒരുക്കിയത്. അമ്മയ്ക്ക് വേണ്ടി മുറികളിൽ മുഴുവൻ അലങ്കാരങ്ങളും നിരവധി സമ്മാനങ്ങളും ഒരുക്കിവെച്ചാണ് പിറന്നാൾ ആഘോഷിച്ചത്. കൃഷ്ണകുമാറാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

നടനായും വില്ലനായുമൊക്കെയെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് കൃഷ്ണകുമാർ. മകൾ അഹാനയും സിനിമാമേഖലയിൽ തിളങ്ങുന്ന താരമാണ്. ഇപ്പോൾ ഇഷാനി കൃഷ്ണകുമാറും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ്.

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ലൂക്കയാണ് അഹാന കൃഷ്ണയുടേതായി അവസാനമായി വെള്ളിത്തിരയിലെത്തിയ ചിത്രം. ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി. ചിത്രത്തില്‍ നിഹാരിക എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിച്ചത്. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു ലൂക്ക എന്ന ചിത്രവും ചിത്രത്തിലെ അഹാനയുടെ കഥാപാത്രവും.

ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നിഖില്‍ വേണു എഡിറ്റിങും നിര്‍വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയിരുന്നു.

ഇഷാനി കൃഷ്ണയും അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. മമ്മൂട്ടി നായകനായെത്തുന്ന വണ്‍ എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. കേരളാ മുഖ്യ മന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.