സംവിധാന സഹായിയും സഹസംവിധായകനുമായി; സൗബിൻ ഇനി അമൽ നീരദിന്റെ നായകന്‍

November 16, 2019

മലയാള സിനിമയ്ക്ക് ഇപ്പോൾ കഴിവുറ്റ നടന്മാരുടെ ഒരു വലിയ നിര തന്നെയുണ്ട്. ക്യാമറയുടെ പിന്നിൽ നിന്നും, ജൂനിയർ ആര്‍ടിസ്റ്റിൽ നിന്നും, സഹനടനിൽ നിന്നുമൊക്കെ നായകനായി മാറിയവരാണ് ഏറെപ്പേരും. ആ കൂട്ടത്തിലാണ് സൗബിൻ സാഹിറിന്റെ സ്ഥാനവും. അസിസ്റ്റന്റ് ഡയറക്ടറായി എത്തി ഇന്ന് സംസ്ഥാന പുരസ്‌കാര നിറവിൽ നിൽക്കുകയാണ് സൗബിൻ. സൗബിന്റെതായി ഏറ്റവും അടുത്തിറങ്ങിയ ചിത്രമാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേര്‍ഷന്‍ 5.25’ . ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ മറ്റൊരു വാർത്തയും പുറത്തുവരികയാണ്.

ഏറെക്കാലം അമൽ നീരദിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ആളാണ് സൗബിൻ സാഹിർ. ഇപ്പോൾ സൗബിനെ നായകനാക്കി സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് അമൽ നീരദ്. സൗബിൻ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. 2020ലാണ് ചിത്രീകരണം ആരംഭിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമൽ നീരദിന്റെ സംവിധാന സഹായിയായും, സഹസംവിധായകനായും സൗബിൻ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഫഹദ് ഫാസിലും നസ്രിയയും അഭിനയിക്കുന്ന അൻവർ റഷീദ് ചിത്രം ട്രാൻസ് ആണ് അമൽ നീരദിന്റേതായി പുറത്ത് വരാൻ ഉള്ളത്. ട്രാൻസിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അമൽ നീരദ് ആണ്. മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി രണ്ടാം ഭാഗം അമൽ നീരദ് ഒരുക്കുന്നതും കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം. ചിത്രം പ്രഖ്യാപിച്ചതിനാൽ ബിഗ് ബി രണ്ടാം ഭാഗം പൂർത്തിയാക്കിയതിനു ശേഷം മാത്രമായിരിക്കും സൗബിൻ അമല്‍ നീരദ് ചിത്രത്തിലേക്ക് കടക്കാൻ സാധ്യത.

Read More:ജനനം മുതൽ 20 വയസ് വരെ ഓരോ ആഴ്ചയിലും അച്ഛൻ പകർത്തിയ മകളുടെ ചിത്രങ്ങൾ; അമ്പരപ്പിച്ച് അവസാനത്തെ ചിത്രം

സൗബിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനും വികൃതിയും മികച്ച വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരുടെ ഇഷ്ട നായകനാകാൻ സൗബിന് ചുരുങ്ങിയ നാളുകൊണ്ട് സാധിച്ചു. ഇപ്പോൾ ഡിസൂസ എന്ന സിനിമയുടെ ഷൂട്ടിങിലാണ് സൗബിൻ. ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതൻ എന്ന ചിത്രവും ഇനി സൗബിന്റെതായി പുറത്തിറങ്ങാനുണ്ട്.