ആക്ഷൻ രംഗങ്ങളുമായി അമല പോൾ; ‘അതോ അന്ത പറവ പോലെ’ ട്രെയ്ലർ

മലയാളിയെങ്കിലും അമല പോളിനു മികച്ച അവസരങ്ങൾ ലഭിച്ചത് തമിഴകത്താണ്. ശക്തമായ സ്ത്രീ കേന്ദ്രികൃത കഥാപാത്രങ്ങളാണ് അമല തുടർച്ചയായി അവതരിപ്പിക്കുന്നത്. ‘ആടൈ’ ആണ് ഒടുവിൽ അമലയുടേതായി പുറത്ത് വന്നത്. ചിത്രം സൂപ്പർ ഹിറ്റ് ആയതിനു പിന്നാലെ അമലയുടെ അടുത്ത ചിത്രമായ ‘അതോ അന്ത പറവ പോലെ’ യിലെ ട്രെയ്ലർ പുറത്ത് വന്നിരിക്കുകയാണ്.
പുതിയ ചിത്രത്തിലും ശക്തമായ വേഷമാണ് അമല അവതരിപ്പിക്കുന്നത്. കാട്ടിൽ അകപ്പെട്ടുപോകുന്ന വേഷമാണ് അമല ചെയ്യുന്നത്. അഡ്വഞ്ചർ ത്രില്ലർ ആണ് ചിത്രം. ഒട്ടേറെ സംഘട്ടന രംഗങ്ങളും അവിശ്വസനീയമായ ട്വിസ്റ്റുകളുമൊക്കെ ട്രെയ്ലറിലുണ്ട്. അതിസാഹസികത നിറഞ്ഞ ചിത്രമാണ് ‘അതോ അന്ത പറവ പോലെ’ എന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. ട്രെയ്ലർ പുറത്ത് വിട്ടത് മോഹൻലാൽ ആണ്.
വിനോദ് കെ ആർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലനാണ്. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം സി.ശാന്തകുമാര്‍, എഡിറ്റിംഗ് ജോണ്‍ എബ്രഹാം, സംഘട്ടനം സുപ്രീം സുന്ദര്‍ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്. സെഞ്ചുറി ഇന്റർനാഷണൽ ആണ് നിർമാണം.
തുടക്കത്തിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചെങ്കിലും പിന്നീട് മുഖ്യധാരാ നായികയായി ഉയർന്നു വരികയായിരുന്നു അമല പോൾ. അഭിനയത്തിന് പുറമെ നിർമാണത്തിലേക്കും അമല ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
read more :നടി ശ്രീലക്ഷ്മി വിവാഹിതയാകുന്നു
മലയാളത്തിൽ അമല ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം ‘അച്ചായൻസ്’ ആയിരുന്നു. ‘കായംകുളം കൊച്ചുണ്ണി’യിൽ ഒരു വേഷം അമല ചെയ്യാൻ കരാർ ഒപ്പിട്ടെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇനി പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിൽ അമല പോൾ ആണ് നായികയായി എത്തുന്നത്.