ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാർ പുഴയിൽ വീണു
ഇന്ന് പലരും യാത്ര ചെയ്യുന്നത് ഗൂഗിൾ മാപ്പിനെ ആശ്രയിച്ചാണ്. മറ്റാരുടെയും സഹായമില്ലാതെ എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്യാം എന്നതാണ് ഗൂഗിൾ മാപ്പിനെ ഇത്രയധികം ആളുകൾ ആശ്രയിക്കാൻ കാരണവും. എന്നാൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് അബദ്ധത്തിൽ ചെന്നുചാടുന്ന വാർത്തകളും നാം കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു അബദ്ധമാണ് സമൂഹമാധ്യമങ്ങളിൽ വർത്തയാകുന്നത്.
ഗൂഗിൾ മാപ്പ് നോക്കി പാലക്കാട് നിന്നു കാറിൽ യാത്ര പുറപ്പെട്ട അഞ്ചംഗ സംഘമാണ് പുഴയിൽ വീണത്. അതേസമയം അത്ഭുതകരമായാണ് യാത്രക്കാരായ അഞ്ച് പേരും രക്ഷപെട്ടത്. എന്നാൽ വളരെ വൈകിയാണ് വാഹനം പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കാരിക്കൽ സെബാസ്റ്റിനും കുടുംബവും സഞ്ചരിച്ച കാറാണ് എഴുന്നള്ളത്തുകടവ് വച്ച് പുഴയിൽ വീണത്. രാത്രിയായതിനാൽ വെള്ളം ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല. ഗൂഗിൾ മാപ്പിൽ കാണിച്ച വഴിയിലൂടെ പോയ കാർ പുഴയിലേക്കു മറിയുകയായിരുന്നു.