തെങ്ങിന്റെ മടലും കമ്പും ഉപയോഗിച്ച് മൈക്ക്, പ്ലാസ്റ്റിക് കവര്‍ പൊന്നാടയാക്കി; ഫുട്‌ബോളുവാങ്ങാന്‍ ഒരു കുട്ടിയോഗം: വൈറല്‍ വീഡിയോ

November 7, 2019

സൈബര്‍ലോകത്ത് ശ്രദ്ധ നേടുകയാണ് കുട്ടിക്കൂട്ടത്തിന്റെ ഒരു വീഡിയോ. പൈസ പിരിവിട്ടെടുത്ത് ഫുട്‌ബോളുവാങ്ങാന്‍ യോഗം ചേര്‍ന്ന് പദ്ധതിയൊരുക്കുകയാണ് ഇവര്‍. സാമൂഹ്യപ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച വീഡിയോ നിരവധിപ്പേരാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരു യോഗത്തിനു വേണ്ട എല്ലാ തയ്യാറെടുപ്പുകളോടെയാണ് കുട്ടിക്കൂട്ടം ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്നിരിക്കുന്നത്.

തെങ്ങിന്റെ മടലും ഒരു കമ്പും ചേര്‍ത്തുവെച്ച് മൈക്ക് തയ്യാറാക്കിയിരിക്കുന്നു. പ്രസിഡന്റും സെക്രട്ടറിയുമെല്ലാം യോഗത്തില്‍ സംസാരിക്കുന്നുണ്ട്. ഓരോ ദിവസവും മിഠായി വാങ്ങാന്‍ ഉപയോഗിക്കുന്ന പൈസ സൂക്ഷിച്ചുവെച്ച് ആഴ്ചയില്‍ പത്ത് രൂപ വീതം പിരിക്കാനാണ് തീരുമാനം. നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച ശേഷം എല്ലാവരുടെയും അഭിപ്രായങ്ങളും ചോദിക്കുന്നുണ്ട്.

Read more:അഭിനയത്തില്‍ അതിശയിപ്പിച്ച് നിവിന്‍ പോളി; മൂത്തോനിലെ ആദ്യ ഗാനമെത്തി: വീഡിയോ

അതേസമയം കൂട്ടത്തിലെ മികച്ച കളിക്കാരെ പൊന്നാടയണിയിച്ച് ആദരിക്കുന്നുണ്ട് ഇവര്‍. പരസ്പരം ചേര്‍ത്തുപിടിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടുമൊക്കെയാണ് ഇവര്‍ സംസാരിക്കുന്നത്. ഈ കുട്ടികളുടെ സ്‌നേഹവും സൗഹൃദവുമൊക്കെ കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നു.

എന്തായാലും കുട്ടിക്കൂട്ടത്തിന്‍റെ ഫുട്ബോള്‍ വാങ്ങുന്നതിനുവേണ്ടിയുള്ള ഈ യോഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ കുട്ടികളെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്.